ഹരിയാനയിൽ 13 വയസുകാരി സുഹൃത്തിന്റെ മുന്നിൽ കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

ചണ്ഡിഗഡ്: ഹരിയാനയിലെ ഗ്രേറ്റർ ഫരീദാബാദിൽ പതിമൂന്നുകാരിയെ സുഹൃത്തിന്റെ മുന്നിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ മൂന്ന് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 24-നാണ് സംഭവംട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടി ഒപ്പമുണ്ടായിരുന്ന 16 കാരനായ ആൺസുഹൃത്തിനൊപ്പം പ്രദേശത്തെ തകർന്ന കെട്ടിടത്തിനകത്തേക്ക് പോയിരുന്നു. ഇത് കണ്ട ഒരു സംഘം യുവാക്കൾ ഇവരെ പിന്തുടർന്ന് കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറുകയും ഇരുവരേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആൺസുഹൃത്തിന്റെ മുന്നിൽ വച്ച് പെൺകുട്ടിയെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തിന് ശേഷം പെൺകുട്ടി കടുത്ത മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങുകയും ഏകദേശം ഒരു മാസത്തോളം ഇക്കാര്യം മാതാപിതാക്കളിൽ നിന്ന് മറച്ചുവയ്ക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ നിരന്തരമായി ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. ഉടൻ തന്നെ മാതാപിതാക്കൾ പൊലിസിൽ പരാതി നൽകുകയായിരുന്നു.
ആൺസുഹൃത്തിനെയും പ്രതികൾ ഉപദ്രവിച്ചതായി ആരോപണം ഉയർന്നിരുന്നെങ്കിലും പൊലിസ് ഇത് നിഷേധിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലിസ് നിലവിൽ മൂന്ന് പ്രതികളെ പിടികൂടിയിട്ടുണ്ട്. ഒളിവിലുള്ള മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലിസ് അറിയിച്ചു.




