24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഫാക്ടിന്റെ ചരിത്രലാഭത്തിൽ മുൻ ജീവനക്കാർക്കും പങ്ക്‌ ; ഫാക്ട് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ
Kerala

ഫാക്ടിന്റെ ചരിത്രലാഭത്തിൽ മുൻ ജീവനക്കാർക്കും പങ്ക്‌ ; ഫാക്ട് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ

എഫ്എസിടി ഉൽപ്പാദനത്തിലും വിൽപ്പനയിലും ലാഭത്തിലും ചരിത്രനേട്ടമുണ്ടാക്കിയതിന്‌ പിന്നിൽ മുൻജീവനക്കാർക്കുകൂടി പങ്കുണ്ടെന്ന്‌ ഫാക്ട് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിലെ പല പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയോ വിറ്റഴിക്കുകയോ ചെയ്തകാലത്ത് നഷ്ടത്തിന്റെ പേരിൽ വിൽക്കാൻ വച്ച സ്ഥാപനം ‘സേവ് ഫാക്ട്’ പ്രസ്ഥാനത്തിലൂടെയാണ് സംരക്ഷിച്ചത്.

വെല്ലിങ്‌ടൺ ഐലൻഡിലെ അമോണിയ സംഭരണി പൊളിച്ചുമാറ്റണമെന്ന ഹൈക്കോടതി വിധിക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചതും സുപ്രീംകോടതിയെ സമീപിച്ച് വിധി റദ്ദാക്കിയതും ജീവനക്കാരുടെ സംഘടനകളാണ്. ഹൈക്കോടതി വിധി നിലനിന്നിരുന്നെങ്കിൽ ഇന്ന് ഫാക്ട്‌ ഉണ്ടാകുമായിരുന്നില്ല.
ലാഭത്തിൽ പ്രവർത്തിക്കുന്ന എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും വിരമിച്ച ജീവനക്കാർക്ക് ചികിത്സാസൗകര്യം നൽകുന്നുണ്ട്. ഫാക്ട് അത് നിഷേധിച്ചിരിക്കുകയാണ്. 25 വർഷംമുമ്പത്തെ പരിഷ്കരണ കുടിശ്ശിക നാലായിരത്തിലധികം ജീവനക്കാർക്ക് ഇനിയും നൽകാനുണ്ട്.

2010ൽ നടന്ന 2007ലെ ശമ്പളപരിഷ്‌കരണത്തിന്റെ 19 മാസത്തെ കുടിശ്ശിക ഫാക്ടിന്റെ പ്രവർത്തനം മെച്ചപ്പെടുമ്പോൾ നൽകാമെന്നായിരുന്നു കരാർ. എന്നാൽ, അത്‌ നിരാകരിച്ചു. 2017 മുതൽ പ്രാബല്യമുണ്ടാകേണ്ട ശമ്പളക്കരാർ 2023ൽ നടപ്പാക്കിയപ്പോൾ 63 മാസത്തെ കുടിശ്ശിക ഓരോ ജീവനക്കാരനും ഇല്ലാതായി. വിരമിച്ചവർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഇപിഎഫ് പെൻഷൻ, ഗ്രാറ്റുവിറ്റി, ലീവ് എൻകാഷ്മെന്റ് തുടങ്ങിയ ആനുകൂല്യങ്ങളും ഇല്ലാതായി. ഫാക്ടിന്റെ ചരിത്രത്തിൽ ശമ്പളക്കുടിശ്ശിക നിഷേധിച്ച ആദ്യകരാറാണിത്.

നാലുവർഷമായി ഫാക്ടിന്റെ ലാഭം 2902.32 കോടിയാണ്. ഈ തുകയുടെ പത്തിലൊന്ന് ഉപയോഗിച്ചാൽ ജീവനക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകാമായിരുന്നു. എന്നാൽ, ഇത്തരം അനീതികൾക്കെതിരെ ഫാക്ട് വളപ്പിൽ ഒത്തുകൂടുന്നതുപോലും നിഷേധിക്കുകയാണ് മാനേജ്മെന്റെന്നും ജനറൽ സെക്രട്ടറി ഡി ഗോപിനാഥൻനായർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Related posts

സേവാഭാരതി ‘അശ്വിനീയം ‘ ഗൃഹപ്രവേശന കർമ്മം 29 ന്

Aswathi Kottiyoor

ഫയൽ തീർപ്പാക്കൽ: നാളെ അവധിദിനത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജീവനക്കാരെത്തും

Aswathi Kottiyoor

തണ്ണീർമുക്കം ബണ്ടിന്റെ 21 ഷട്ടർ ഉയർത്തി ; 90 ഷട്ടറുകളും നാലുദിവസത്തിനകം ഉയർത്തും

Aswathi Kottiyoor
WordPress Image Lightbox