24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തീരദേശ പാത വികസനത്തിനുള്ള പുനരധിവാസ പാക്കേജ് ഇന്ത്യയില്‍ ഏറ്റവും മികച്ചത്: മന്ത്രി മുഹമ്മദ് റിയാസ്
Kerala

തീരദേശ പാത വികസനത്തിനുള്ള പുനരധിവാസ പാക്കേജ് ഇന്ത്യയില്‍ ഏറ്റവും മികച്ചത്: മന്ത്രി മുഹമ്മദ് റിയാസ്

തീരദേശ പാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങള്‍ക്കും പുനരധിവാസത്തിനുമായി സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാര പാക്കേജ് ഇന്ത്യയില്‍ ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ചതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലത്തിനും കെട്ടിടത്തിനും നഷ്ടപരിഹാരം നല്‍കും. പുനരധിവസിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് 600 ചതുശ്ര അടി ഫ്‌ളാറ്റ് അല്ലെങ്കില്‍ 13 ലക്ഷം രൂപ ഒറ്റത്തവണ നഷ്ടപരിഹാരം ലഭിക്കും. ഇന്ത്യയില്‍ ഒരിടത്തും തീരദേശ പാത വികസനത്തിന് ഇത്രയും മികച്ച പുനരധിവാസ പാക്കേജ് നല്‍കുന്നില്ലെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച എടവനക്കാട് ഇക്ബാല്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

9 ജില്ലകളിലൂടെ 52 സ്‌ട്രെച്ചില്‍ 623 കിലോമീറ്ററിലാണ് തീരദേശ പാത യഥാര്‍ഥ്യമാകുന്നത്. ഇതില്‍ 44 സ്‌ട്രെച്ചുകളിലായി 537 കിലോമീറ്റര്‍ ദൂരം പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡാണ്(കെ.ആര്‍.എഫ്.ബി) നിര്‍മ്മാണം നടത്തുന്നത്. 24 സ്‌ട്രെച്ചുകളിലായി 415 കിലോ മീറ്റര്‍ ദൂരം ഏറ്റെടുക്കലിന് സാമ്പത്തിക അനുമതി നല്‍കി. ഓരോ 50 കിലോ മീറ്ററിലും കംഫര്‍ട്ട് സ്‌റ്റേഷനുകളും ടുറിസം കേന്ദ്രങ്ങളും ഉണ്ടാകും. ബീച്ച് ടുറിസത്തിന് മികച്ച ഉണര്‍വാകും തീരദേശ പാതയിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.
സ്ഥലം ഏറ്റെടുക്കലിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ദേശീയ പാത വികസനവും നടക്കുകയാണ്. ആറുവരിയില്‍ 45 മീറ്റര്‍ വീതിയില്‍
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാത വികസനം 2025-ല്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

മുനമ്പം – അഴിക്കോട് പാലം ടെന്‍ഡറിന് അനുമതി നല്‍കിയതായും ദീര്‍ഘകാലത്തെ കാത്തിരിപ്പിന് അവസാനമായതായും മന്ത്രി പറഞ്ഞു. തീരദേശ മേഖലയ്ക്ക് പ്രത്യേക പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇക്ബാല്‍ റോഡിന്റെ നവീകരണവും നബാര്‍ഡ് പദ്ധതിയിലൂടെ വിവിധ റോഡുകള്‍ നിര്‍മ്മാണവും പള്ളിപ്പുറം, എടവനക്കാട് പ്രദേശങ്ങളുടെ വികസനത്തിന് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ നിര്‍ദേശിച്ച എല്ലാ വികസന പദ്ധതികള്‍ക്കും പൊതുമരാമത്ത്, ടുറിസം വകുപ്പുകളുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പള്ളിപ്പുറം, എടവനക്കാട് ഗ്രാമപഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
പൊതുമരാമത്ത് നിരത്ത് വിഭാഗം 2018–19 വര്‍ഷത്തിലെ പ്രളയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 2.4 കോടി രൂപ ചെലവില്‍ ഇക്ബാല്‍ റോഡ് ഡി.ബി.എം ബി.സി നിലവാരത്തില്‍ നവീകരിച്ചത്. വൈപ്പിന്‍ മണ്ഡലത്തിലെ മേജര്‍ ജില്ലാ റോഡ് എന്ന പ്രത്യേകതയുമുണ്ട് ഈ റോഡിന്.

2021–2022 വര്‍ഷത്തെ നബാര്‍ഡ് പദ്ധതിയില്‍ മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്കായി 5 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്. ഇതുവഴി നിര്‍മ്മാണം തുടങ്ങാന്‍ പോകുന്ന പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ കോവിലകത്തുംകടവ് റോഡ്, എഴിഞ്ഞാംകുളം – തിരുമനാംകുന്ന് റോഡ്, വാര്‍ഡ് 17-ലെ ബേക്കറി ഈസ്റ്റ് റോഡ്, എടവനക്കാട് പഞ്ചായത്തിലെ വാര്‍ഡ് അഞ്ചില്‍ തെക്കേ മേത്തറ റോഡ് എന്നിവയാണ് ഉള്‍പ്പെടുന്നത്. പള്ളിപ്പുറത്തെ 7, 8, 9, 10 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് എഴിഞ്ഞാംകുളം – തിരുമനാംകുന്ന് റോഡ്.

പശ്ചാത്തല സൗകര്യ വികസനത്തില്‍ വലിയ ചുവടുവയ്പ്പാകുന്ന നബാര്‍ഡ് പദ്ധതിയില്‍ റോഡുകളുടെ പുനരുദ്ധാരണം, ആധുനികവത്കരണം, മറ്റ് അനുബന്ധ സൗകര്യങ്ങളൊരുക്കല്‍ എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. പദ്ധതി നിലവാര മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി ഉറപ്പാക്കിയും സമയബന്ധിതമായി റോഡ് നിര്‍മ്മാണം നടപ്പാക്കുന്നത്.

ചെറായി തിരുമനാംകുന്നില്‍ ക്ഷേത്ര മൈതാനിയില്‍ നടന്ന ചടങ്ങില്‍ കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി ഷൈനി, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ട്രീസ ക്ലീറ്റസ്, തങ്കരാജ്, എടവനക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജാസ് അഷറഫ്, പി.ബി സാബു, ബിസിനി പ്രദീഷ് കുമാര്‍, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അലക്‌സാണ്ടര്‍ റാന്‍സന്‍, നിഷ അനില്‍, ഷീല ഗോപി, വി.ടി സൂരജ്, കെ.കെ രാജേഷ് കുമാര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.ടി ജയ, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എം സ്വപ്ന എന്നിവര്‍ പങ്കെടുത്തു

Related posts

വിലക്കയറ്റം തടയാൻ 5,919 മെട്രിക് ടൺ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു: മന്ത്രി ജി.ആർ. അനിൽ; സപ്ലൈകോ ഔട്ട്ലെറ്റുകളിലെ വിലവിവരം :

Aswathi Kottiyoor

സ്‌കോൾ കേരള; സ്വയം പഠന സഹായി വിൽപന തുടങ്ങി*

Aswathi Kottiyoor

ക്രയ സർട്ടിഫിക്കറ്റുള്ളവർക്ക് വനഭൂമിയിൽ അവകാശം: ഒഴിവാക്കാൻ ബില്ലുമായി സർക്കാർ.

Aswathi Kottiyoor
WordPress Image Lightbox