26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ശുപാർശകൾ നടപ്പാക്കി: സുരക്ഷിത ജലയാത്രയ്ക്ക്‌ മുമ്പേ സംവിധാനമൊരുക്കി
Kerala

ശുപാർശകൾ നടപ്പാക്കി: സുരക്ഷിത ജലയാത്രയ്ക്ക്‌ മുമ്പേ സംവിധാനമൊരുക്കി

ബോട്ടുദുരന്തം ആവർത്തിക്കാതിരിക്കാൻ സുരക്ഷാചട്ടങ്ങളും നിയമങ്ങളും പരിശോധനാ സംവിധാനവും മുമ്പേതന്നെ ശക്തമാക്കി കേരളം. കുമരകം, തട്ടേക്കാട്‌, തേക്കടി ബോട്ടുദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ്‌ സുരക്ഷിത ജലയാത്രയ്ക്ക്‌ സംസ്ഥാനം നടപടി സ്വീകരിച്ചത്‌.

യാത്രാസമയത്തെ അശ്രദ്ധയും ബോട്ടുടമകളുടെ ലാഭക്കൊതിയും ചിലപ്പോഴെങ്കിലും പരിശോധനകളിലെ വീഴ്‌ചയുമാണ്‌ അപകടത്തിലേക്ക്‌ നയിക്കുന്നത്‌. അന്വേഷണ കമീഷൻ ശുപാർശകൾ നടപ്പാക്കാത്തതാണ്‌ ബോട്ടുദുരന്തം ആവർത്തിക്കാൻ കാരണമെന്ന ആക്ഷേപങ്ങൾക്ക്‌ അടിസ്ഥാനമില്ല. കുമരകം, തട്ടേക്കാട്‌, തേക്കടി ദുരന്തങ്ങൾക്കുശേഷം കമീഷനുകൾ നൽകിയ റിപ്പോർട്ടുകളുടെകൂടി വെളിച്ചത്തിലാണ്‌ കേരളം 2010ൽ ഉൾനാടൻ ജലയാനച്ചട്ടങ്ങൾ പുറത്തിറക്കിയത്‌. 1917ലെ ഉൾനാടൻ ജലയാന നിയമത്തിലെ പോരായ്‌മകൾകൂടി പരിഹരിച്ചാണ്‌ കർശന ചട്ടങ്ങൾ നടപ്പാക്കിയത്‌. ഈ ചട്ടങ്ങളുടെ മാതൃകയിലാണ്‌ 2021ൽ പാർലമെന്റ്‌ പുതിയ ഉൾനാടൻ ജലയാന നിയമവും പാസാക്കിയത്‌

സമഗ്ര നിയമനിർമാണം വേണമെന്ന്‌ തട്ടേക്കാട്‌ ബോട്ടപകടം അന്വേഷിച്ച ജസ്റ്റിസ്‌ എം എം പരീത് പിള്ള കമീഷൻ ശുപാർശ ചെയ്‌തിരുന്നു. ഉൾനാടൻ ജലയാനങ്ങളുടെ സുരക്ഷയും പരിശോധനയും കർശനമാക്കാനും ഏകോപിപ്പിക്കാനും 2017ൽ കേരള മാരിടൈം ബോർഡ്‌ നിയമവും പാസാക്കി. തുറമുഖ ഡയറക്ടറേറ്റിനേക്കാൾ മികച്ച സാങ്കേതിക–-ഭരണ സംവിധാനത്തോടെ 2019ൽ കേരള മാരിടൈം ബോർഡ്‌ യാഥാർഥ്യമാക്കി. തേക്കടി ബോട്ടപകടം അന്വേഷിച്ച ജസ്റ്റിസ്‌ ഇ മൊയ്‌തീൻകുഞ്ഞ്‌ കമീഷന്റെ പ്രധാന ശുപാർശകളിലൊന്നായിരുന്നു ജലഗതാഗത മേഖലയെ ഒരുകുടക്കീഴിലാക്കുന്ന മാരിടൈം ബോർഡ്‌. ബോർഡിൽ നേവൽ ആർക്കിടെക്ട്‌, മറൈൻ എൻജിനീയറിങ്‌ വിദഗ്‌ധർ എന്നിവർ ഉണ്ടാകണമെന്ന കമീഷൻ ശുപാർശയും നടപ്പാക്കി. ഇൻഷുറൻസ്‌ പരിരക്ഷയും മറ്റൊരു ശുപാർശയായിരുന്നു. കുമരകം ദുരന്തം അന്വേഷിച്ച ജസ്റ്റിസ്‌ കെ നാരായണക്കുറുപ്പ്‌ കമീഷൻ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളും നടപ്പാക്കി.

ബോട്ട്‌ നിർമാണത്തിന്‌ പോർട്ട്‌ ഓഫീസർക്ക്‌ അപേക്ഷ നൽകുമ്പോൾതന്നെ ബോർഡ്‌ അംഗീകരിച്ച നേവൽ ആർക്കിടെക്ട്‌ പ്ലാൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. തുടർന്നാണ്‌ ബോർഡിന്റെ സർവേയർ നിർമാണം തുടങ്ങാൻ ലൈസൻസ്‌ നൽകുന്നത്‌. നിർമാണശേഷം അപേക്ഷിക്കുമ്പോൾ ബോട്ടിന്റെ സ്റ്റബിലിറ്റി പരിശോധനയും ലൈഫ്‌ ജാക്കറ്റ്‌, ലൈഫ്‌ ബോയ, അഗ്‌നിരക്ഷാ സംവിധാനം, ഇൻഷുറൻസ്‌ ഉൾപ്പെടെ പരിശോധിക്കും. തുടർന്നാണ്‌ രജിസ്ട്രേഷന്‌ അപേക്ഷ സ്വീകരിക്കുക. രജിസ്‌ട്രേഷനുശേഷവും സർവേയർമാരുടെ വാർഷിക പരിശോധനയുണ്ട്‌. തിരുവനന്തപുരംമുതൽ ആലപ്പുഴവരെ, എറണാകുളംമുതൽ കാസർകോടുവരെ എന്നിങ്ങനെ രണ്ട്‌ സർവേയർമാർക്കാണ്‌ പരിശോധനാ ചുമതല.

Related posts

മഴവെള്ളം കുത്തിയൊലിച്ചെത്തി; രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി: വന്‍ നാശനഷ്ടം

Aswathi Kottiyoor

കേന്ദ്ര ഡിഎ 3% കൂട്ടി; ജനുവരി മുതൽ പ്രാബല്യം, ആകെ ഡിഎ 34%.

Aswathi Kottiyoor

കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കും; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox