കേരളത്തിന്റെ ഗതാഗത ഭൂപടം തിരുത്താൻ വേളി; വേളിയെ ട്രാൻസ്പോർട്ട് ഹബ്ബാക്കി മാറ്റുമെന്ന് മന്ത്രി സിപി ജോൺ, പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസിന് തുടക്കം

തിരുവനന്തപുരം: വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. വിമാനത്താവളം, റെയിൽവേ, ജലഗതാഗതം, റോഡ് ഗതാഗതം എന്നിവയെല്ലാം കോർത്തിണക്കുന്ന പ്രധാന കേന്ദ്രമായി വേളി മാറും. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ വേളി ടൂറിസം വില്ലേജിൽ നിന്ന് ആരംഭിച്ച പുതിയ പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രികോവളം മുതൽ വർക്കല വരെയുള്ള ടൂറിസം സർക്യൂട്ടിന്റെ പ്രധാന കേന്ദ്രമായി വരും വർഷങ്ങളിൽ വേളി മാറും. കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെയും വിമാനത്താവളത്തിന്റെയും സാമീപ്യം ഇതിന് കൂടുതൽ കരുത്തേകും. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും വികസനവും ഉറപ്പാക്കിക്കൊണ്ടായിരിക്കും ഈ പദ്ധതികൾ നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു. 202 വർഷങ്ങൾക്കു മുമ്പ് റാണി പാർവ്വതി ഭായിയുടെ കാലത്ത് തുടക്കം കുറിച്ച ജലപാതയുടെ ചരിത്ര പ്രാധാന്യവും മന്ത്രി ഓർമ്മിപ്പിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കപ്പുറം നിലവിലുള്ള ജലപാതകൾ ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് പ്രധാനമെന്നും, കനാലുകൾ തുടർച്ചയായി ഉപയോഗിച്ചാൽ മാത്രമേ അവ വൃത്തിയായി നിലനിൽക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
പാർവതി പുത്തനാറിലൂടെ വേളിയിൽ നിന്ന് ആരംഭിച്ച് കഠിനംകുളം കായൽ വരെയും തിരിച്ചുമുള്ള റൗണ്ട് ട്രിപ്പ് ബോട്ട് സർവീസിനാണ് തുടക്കമായിരിക്കുന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള, 24 പേർക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതി സൗഹൃദ സോളാർ ബോട്ടാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഒരു വശത്തേക്ക് 14 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് രണ്ട് മണിക്കൂർ സമയമെടുക്കും. ദിവസേന രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും, ഉച്ചയ്ക്ക് ശേഷം 2.30 മുതൽ വൈകിട്ട് 6.30 വരെയുമായി രണ്ട് സർവീസുകളാണ് തുടക്കത്തിൽ നടത്തുക. ടൂറിസം സർവീസിന്റെ ഭാഗമായി കഠിനംകുളം ജെട്ടിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം വിനോദസഞ്ചാരികൾക്കായി അര മണിക്കൂർ നേരം കായൽ കാഴ്ചകൾ കാണാൻ പ്രത്യേക സൗകര്യമൊരുക്കും. തിരികെ കഠിനംകുളം ജെട്ടിയിലെത്തുമ്പോൾ ടൂറിസ്റ്റ് പാക്കേജിലുള്ള യാത്രക്കാർക്ക് കുടുംബശ്രീയുമായി സഹകരിച്ച് ചായയും ഭക്ഷണവും ലഭ്യമാക്കും.




