Uncategorized
കോട്ടയം മെഡിക്കൽ കോളേജ് താവളമാക്കി തെരുവുനായകൾ; അഞ്ചു വയസുകാരിക്ക് കടിയേറ്റു

കോട്ടയം മെഡിക്കൽ കോളേജ് താവളമാക്കി തെരുവുനായകൾ. തെരുവുനായകളെ ഭയന്നാണ് രോഗികളും, കൂട്ടിരുപ്പുകാരും ആശുപത്രിയിലുടെ സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രി വളപ്പിൽ ഒരു കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ അഞ്ച് വയസുകാരിയുടെ കഴുത്തിലാണ് തെരുവുനായ കടിച്ചത്. മുഖത്തും നായ മാന്തി. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പല ഭാഗങ്ങളും നായ്ക്കൾ കയ്യടക്കിയിരിക്കുകയാണ്. ഭക്ഷണം സുലഭമായി ലഭിക്കുന്നുണ്ട്. നായ്കൾ തലങ്ങും വിലങ്ങും ഓടുമ്പോൾ രോഗികളും കൂട്ടിരിപ്പുകാരും ജീവൻ പണയം വെച്ചാണ് നടക്കുന്നത്.
നായകളുടെ ശല്യത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം. ചികിത്സയ്ക്കെത്തിയ കുഞ്ഞിന് ആശുപത്രി വളപ്പിൽ തന്നെ തെരുവുനായയുടെ കടിയേറ്റ സംഭവം സുരക്ഷാ സംവിധാനങ്ങളെയും ചോദ്യം ചെയ്യുകയാണ്.




