Uncategorized

നിരോധിത ലഹരി ഉത്പന്നങ്ങളുമായി ലക്ഷദ്വീപ് ബോട്ട് കോസ്റ്റ് ഗാർഡിന്‍റെ പിടിയിൽ

വൈപ്പിൻ: നിരോധിത പുകയില ഉൽപ്പന്നമായ 555 പാക്കറ്റ് ഹാൻസും രേഖകൾ ഇല്ലാതെ സൂക്ഷിച്ച രണ്ട് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ലക്ഷദ്വീപ് ബോട്ടിനെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കടലിൽ വച്ച് പിടികൂടികൊച്ചിയിൽ നിന്നും ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലേക്ക് കടത്താനുള്ള ശ്രമമാണ് കോസ്റ്റ് ഗാർഡ് തകർത്തത്. ബോട്ടിൽ ഉണ്ടായിരുന്ന ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശികളായ നാലുപേരെ കസ്റ്റഡിയിലുമെടുത്തു. മുഹമ്മദ് ഫതറുദ്ദീൻ (33), ക്വാജൽ ഫൈസൽ (29), മുഹമ്മദ് മൻസൂർ (31), സർബാസ് അലി (27) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച രണ്ടോടെയാണ് സംഭവം. ലക്ഷദ്വീപിൽ നിന്നു മത്സ്യം കയറ്റി കൊച്ചിയിൽ വന്ന് വിൽപ്പന നടത്തി മടങ്ങിയ ബോട്ടാണിത്. ബോട്ടിന്‍റെ നിറവ്യത്യാസം കണ്ടതിനെ തുടർന്ന് കടലിൽ പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റ് ഗാർഡിന്‍റെ കപ്പൽ ബോട്ട് നിർത്താൻ വയർലെസിലൂടെ സന്ദേശം നൽകിയെങ്കിലും നിർത്താതെ പോയി. തുടർന്ന് ഡെപ്യൂട്ടി കമാൻഡന്‍റ് സന്ദീപ് കുമാർ സെയിന്‍റെ നേതൃത്വത്തിൽ പിന്തുടർന്ന് ബോട്ടിനെ പിടികൂടുകയായിരുന്നു.

പരിശോധനയിൽ 15 പാക്കറ്റ് വീതം ഹാൻസുകൾ ഉള്ള 37 ബണ്ടിലുകൾ കണ്ടെത്തി. കൂടാതെ വ്യക്തമായ രേഖകൾ ഒന്നും തന്നെ ഇല്ലാതെ സൂക്ഷിച്ചിരുന്ന രണ്ട് ലിറ്റർ മദ്യവും കണ്ടെത്തി. തുടർന്ന് ബോട്ടും കസ്റ്റഡിയിലായവരും പിടികൂടിയ സാധനങ്ങളും ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലിസിന് കൈമാറി. ഇവർ കേസ് എടുത്തിട്ടുണ്ട്.ബോട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ ലക്ഷദ്വീപിൽ വിൽപ്പനക്കായി കൊണ്ടുപോയതാണെന്ന് പ്രതികൾ സമ്മതിച്ചതായി കോസ്റ്റൽ പൊലിസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button