പമ്പുകളിൽ ഡീസൽ വിൽപനക്ക് നിയന്ത്രണം വരുന്നു ?; കാരണമിതാണ്

ന്യൂഡൽഹി: പമ്പുകളിൽ ബൾക്കായുള്ള ഡീസൽ വിൽപനക്ക് നിയന്ത്രണം കൊണ്ടു വരാൻ പൊതുമേഖല എണ്ണകമ്പനികളും ഒരുങ്ങുന്നു. ജിയോ-ബിപി, നയാര തുടങ്ങിയ കമ്പനികൾ ചില പമ്പുകളിൽ നിയന്ത്രണം കൊണ്ടു വന്നതിന് പിന്നാലെയാണ് പൊതുമേഖല കമ്പനികളും ഇത്തരത്തിൽ നിയന്ത്രണത്തിനൊരുങ്ങുന്നത്. ഒരാൾക്ക് ഒരു ദിവസം നൽകുന്ന ഡീസലിൻ്റെ അളവിൽ പരിധി കൊണ്ടു വരാനാണ് പമ്പുകൾ ഒരുങ്ങുന്നത്.ഇക്കണോമിക്സസ് ടൈംസ് റിപ്പോർട്ട് പ്രകാരം റീട്ടെയിൽ പമ്പുകളിലെ ഡീസൽ വിലയും ബൾക്ക് ഉപഭോക്താക്കൾക്ക് നൽകുന്ന വിലയും തമ്മിൽ ലിറ്ററിന് 40 രൂപയുടെ വില വ്യത്യാസമുണ്ട്. ഇതോടെ ബൾക്ക് ഉപഭോക്താക്കൾ കൂട്ടത്തോടെ റീടെയിൽ പമ്പുകളിൽ നിന്ന് ഡീസൽ വാങ്ങാൻ തുടങ്ങി. ഇതേതുടർന്നാണ് നിയന്ത്രണമേർപ്പെടുത്താൻ എണ്ണകമ്പനികൾ ഒരുങ്ങുന്നത്.
ജിയോ ബിപി പമ്പുകളിൽ ഒരു ദിവസം 50 ലിറ്റർ ഡീസൽ മാത്രമേ ഒരാൾക്ക് നൽകു.
നയാരയിൽ ഇത് 70 മുതൽ 200 വരെയാണെന്നാണ് റിപ്പോർട്ട്. രാജ്യത്തെ എല്ലാ പമ്പുകളിലും ഇരുകമ്പനികളും ഇത്തരത്തിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല. ഇതേ മാതൃക പിന്തുടരാനാണ് ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം എന്നീ കമ്പനികളും ഒരുങ്ങുന്നത്.
ഫാക്ടറികൾ, ടെലികോം കമ്പനികൾ, ഹോട്ടലുകൾ, മാളുകൾ, ഡാറ്റാ സെന്ററുകൾ, ആശുപത്രികൾ തുടങ്ങിയവയാണ് വലിയ തോതിൽ ഡീസൽ ഉപയോഗിക്കുന്ന പ്രധാന സ്ഥാപനങ്ങൾ. ഇവയിൽ ചിലർ ഒരേസമയം 400 മുതൽ 600 ലിറ്റർ വരെ ഡീസൽ റീട്ടെയിൽ പമ്പുകളിൽ നിന്ന് വാങ്ങുന്നതായാണ് റിപ്പോർട്ട്.
ഇതോടെ പമ്പുകളിൽ ഡീസൽ സ്റ്റോക്ക് എളുപ്പം തീരാൻ തുടങ്ങി. തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്താൻ വിവിധ എണ്ണ കമ്പനികൾ നിർബന്ധിതരായത്.
പമ്പുകളിൽ ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെന്ന് ജിയോ-ബിപി അറിയിച്ചിട്ടുണ്ട്. അതേസമയം, ഡീസൽ വിതരണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് പൊതുമേഖല എണ്ണകമ്പനികളിൽ നിന്ന് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.




