കണ്ണൂർ: മഴ തുടങ്ങുന്നതിനു മുമ്പുതന്നെ കശുഅണ്ടിയുടെ വില കുത്തനെ ഇടിഞ്ഞത് കർഷകരെ പ്രതിസന്ധിയിലാഴ്ത്തി. ഉത്പാദനം വർദ്ധിച്ച സമയത്തു തന്നെയുണ്ടായ വില ഇടിവ് കർഷകർക്ക് വലിയ തിരിച്ചടിയുമായി.
മഴപെയ്തു തുടങ്ങിയാലാണ് സാധാരണ നിലയിൽ കശുഅണ്ടിയുടെ വില ഇടിയാറുള്ളത്. എന്നാൽ നിലവിൽ മഴ കാര്യമായൊന്നും പെയ്യാത്ത സാഹചര്യത്തിൽ വില വലിയതോതിൽ ഇടിഞ്ഞത് ഇടനിലക്കാരുടെ ഒത്തുകളിയാണെന്ന് കർഷകർ ആരോപിക്കുന്നു.
ഇത്തവണ തുടക്കത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം വലിയ തോതിൽ കുറഞ്ഞിരുന്നു. പിന്നീട് രണ്ടാം തവണ കശുമാവ് പൂത്തതോടെയാണ് ഉത്പാദനത്തിൽ വർദ്ധനവുണ്ടായത്. ഇതിൽ വലിയ പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന മലയോര കർഷകരുൾപ്പെടെയുള്ളവരെയാണ് വില ഇടിവ് പ്രതിസന്ധിയിലാക്കിയത്. നിലവിൽ ജില്ലയിൽ പലയിടങ്ങളിലും വിലയും പലതാണ്.സർക്കാർ കശുവണ്ടിക്ക് 114 രൂപ തറവില നിശ്ചയിക്കുകയും ഒപ്പം കശുവണ്ടി സംഭരണം നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംഭരണം നടന്നില്ലെന്നു മാത്രമല്ല പ്രഖ്യാപിച്ച തറവിലയും കർഷകർക്ക് ലഭിച്ചില്ല. കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാൻ
കഴിയില്ലെന്നതിനാൽ കിട്ടിയ വിലയ്ക്ക് കശുഅണ്ടി വിറ്റൊഴിക്കുകയാണ് കർഷകർ.കഴിഞ്ഞ വർഷവും ഇതേ രീതിയലുള്ള തറവില പ്രഖ്യാപനമാണ് കർഷകരെ ദുരിതത്തിലാക്കിയതെന്നാണ് കർഷകരുടെ ആക്ഷേപം. കശുഅണ്ടിക്ക് തറവില നിശ്ചയിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയിൽ കർഷക പ്രതിനിധികൾ ഇല്ലെന്ന പരാതിയും ഉയരുന്നുണ്ട്. വിപണിയിൽ 120 രൂപ ഉള്ളപ്പോഴാണ് സർക്കാരിന്റെ വില നിർണ്ണയ കമ്മിറ്റി 114 രൂപ തറവില പ്രഖ്യാപിക്കുന്നത്.110 രൂപ 85 ആയിസീസണിന്റെ തുടക്കത്തിൽ ഒരു കിലോ കശുവണ്ടിക്ക് 110 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ 85 രൂപ മാത്രമാണ്
ലഭിക്കുന്നത്. നിലവിൽ ഒരു കിലോ കശുവണ്ടി വിൽക്കുമ്പോൾ 25 രൂപയുടെ നഷ്ടം കർഷകൻ സഹിക്കേണ്ടി വരുന്നു.