അമ്മ’യിലെ പ്രശ്‌നങ്ങൾ തീർക്കാൻ പ്രത്യേക കോടതി വേണ്ട അവസ്ഥയാണല്ലോ: ചോദ്യവുമായി കോടതി

കൊച്ചി നടീനടൻമാരുടെ
സംഘടനയായ ‘അമ്മ’യിലെ പ്രശ്നങ്ങൾ തീർക്കാർ പ്രത്യേക കോടതി രൂപീകരിക്കേണ്ട അവസ്‌ഥയാണല്ലോ എന്ന പരാമർശവുമായി ഹൈക്കോടതി. നടി അൻസിബ ഹസന്റെ പരാതിയിൽ തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ നൽകിയ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം.
സംഘടനയിലെ അംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹർജികൾ എത്തുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ വാക്കുകൾ.
“പാവപ്പെട്ടവരുടെ ജീവിതപ്രശ്‌നങ്ങൾ കിടക്കുമ്പോഴാണ് ഇവരുടെ തർക്കം തീർക്കാൻ സമയം ചെലവഴിക്കേണ്ടി വരുന്നതെന്നും’ കോടതി അഭിപ്രായപ്പെട്ടു. ലക്ഷ്മിപ്രിയയുടെ ഹർജിയിൽ അൻസിബയ്ക്ക് നോട്ടിസ് അയച്ച ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ, കേസ് മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്പെഐ രേഷ്‌മ തുടങ്ങിയവർക്കെതിരെ കേസെടുക്കാൻ മജിസ്ട്രേട്ട് കോടതി തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസിന് നിർദേശം നൽകിയിരുന്നു. തുടർന്ന് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷ്മിപ്രിയ ഹൈക്കോടതിയെ സമീപിച്ചത്. ലക്ഷ്മിപ്രിയ നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ നേരത്തെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ഈ പരാതി വ്യാജമാണെന്നും തന്നെ മാനസികമായി പീഡിപ്പിക്കാനാണ് ലക്ഷ്മിപ്രിയ ശ്രമിച്ചതെന്നുമായിരുന്നുഅൻസിബയുടെ ആരോപണം. തന്നെ സ്റ്റേഷനിൽ തടഞ്ഞുവച്ചതായും നിർബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചു എന്നും അൻസിബ ആരോപിച്ചിരുന്നു.
നേരത്തെ പാലാരിവട്ടം പൊലീസ് കേസ് റജിസ്റ്റർ ചെയ്യാതിരുന്നതിലും മജിസ്ട്രേട്ട് കോടതി അന്വേഷണത്തിന് നിർദേശം നൽകാതിരുന്നതും ചോദ്യം ചെയ്ത് അൻസിബ നൽകിയ ഹർജി ഹൈക്കോടതിയുടെ ഇതേ ബെഞ്ച് പരിഗണിച്ചിരുന്നു. യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ തന്നെ അപകീർത്തിപ്പെടുത്തി എന്നു കാട്ടിയായിരുന്നു ലക്ഷ്മിപ്രിയയ്ക്കെതിരെയുള്ള അൻസിബയുടെ പരാതി. തുടർന്ന് ഇക്കാര്യം വീണ്ടും പരിശോധിക്കാൻ കോടതി നിർദേശം നൽകുകയും പിന്നാലെ മജിസ്ട്രേട്ട് കോടതി കേസ് റജിസ്റ്റർ ചെയ്യാൻ പാലാരിവട്ടം പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ പൊലീസ്എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യം മാനനഷ്ടത്തിനു മാത്രമുള്ള എഫ്ഐആറാണ് റജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് ഇക്കാര്യത്തിൽ കോടതിയലക്ഷ്യ നടപടി ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് അൻസിബയുടെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്ത്രീയുടെ അന്തസ്സിനെ ഹനിച്ചു എന്നുള്ള ബിഎൻഎസ് 74(ബി) വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം.



