മോഹനന് കുന്നുമ്മലിന്റെ ഒഴിവിലേക്ക് ജുനൈദ് ബുഷ്റി? കേരള സര്‍വകലാശാലയില്‍ വീതംവെപ്പെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: കേരള സര്‍വകാലാശാലയില്‍ നിലവിലെ താല്‍ക്കാലിക വിസി മോഹനന് കുന്നുമ്മല്‍ വിരമിക്കുന്ന ഒഴിവിലേക്ക് കുസാറ്റ് വിസി ജുനൈദ് ബുഷ്റിയെ പരിഗണിക്കുന്നെന്ന് വിവരം. നവംബറിലാണ് മോഹനന് കുന്നുമ്മലിന്റെ കാലാവധി കഴിയുക. സ്ഥിരം വിസി നിയമനം നടക്കുംവരെ താല്‍ക്കാലിക ചുമതല നല്‍കാനാണ് നീക്കം. നിയമനങ്ങളില്‍ ബിജെപി – കോണ്‍ഗ്രസ് വീതംവെപ്പ് നടക്കുന്നു എന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. വൈസ് ചാന്‍സലര്‍ക്ക് പകരം പ്രോ വിസി സ്ഥാനം ബിജെപി സമ്മതനായ ആള്‍ക്ക് നല്കാന് നീക്കമുണ്ടെന്നും വിവരമുണ്ട്. രജിസ്ട്രാര്‍ തസ്തികയില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ തര്‍ക്കവും തുടരുകയാണ്.
സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളെല്ലാം പാതി വഴിയില്‍ കിടക്കുന്നതിനാല്‍ ഇനി വരുന്ന നിയമനവും താല്കാലികമായായിരിക്കും തുടരുക. നിലവില്‍ കുസാറ്റ് താല്‍ക്കാലിക വൈസ് ചാന്‍സിലറാണ് ജുനൈദ് ബുഷ്റി. അതിന് പുറമേ കേരള സർവകലാശാലയുടെ കൂടി ചുമതല നല്‍കാനാണ് നീക്കം നടക്കുന്നത്. രജിസ്ട്രാര്‍, പരീക്ഷാ കണ്ട്രോളര് സ്ഥാനങ്ങളിലേക്കും പലരേയും പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് വീതം വെപ്പ് ആരോപണവുമായി എല്‍ഡിഎഫ് രംഗത്ത് എത്തുന്നത്. ജുനൈദ് ബുഷ്റി കോണ്‍ഗ്രസ് സംഘടനയില്‍പ്പെട്ട ആളാണെന്നും ഇതിന് പകരമായി പ്രോ വിസി തസ്തിക ബിജെപിക്ക് വിട്ടുനല്‍കാനും തീരുമാനമുണ്ടെന്നാണ് ആരോപണം.
കൂടാതെ രജിസ്ട്രാര്‍ സ്ഥാനം തങ്ങള്‍ക്ക് വേണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കാര്യവട്ടം ക്യാമ്പസിലെ ഒരു അധ്യാപകനെയാണ് ഇതിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. എന്നാല്‍ സ്ഥാനം ലീഗിന് നല്‍കണമെന്ന ആവശ്യം ശക്തമായി തന്നെ മുസ്ലിം ലീഗും ഉന്നയിക്കുന്നുണ്ട്. ഇതില്‍ ഇതുവരെ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. മുന്‍ പരീക്ഷാ കണ്‍ട്രോളറെയും ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇതിലേക്ക് കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെപിസിടിഎയിലെ പ്രധാന നേതാവായ അധ്യാപകനെ തന്നെയാണ് നിയമിക്കുന്നത്.



