ചെറുവത്തൂരിൽ ഉദ്ഘാടന വേദിയിൽ രാജ്മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധം; കോൺഗ്രസിലെ പോര് വീണ്ടും ചർച്ചയാകുന്നു

കാസർഗോഡ് ചെറുവത്തൂരിൽ ഉദ്ഘാടന ചടങ്ങിനിടെ രാജ്മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധം. ചെറുവത്തൂരിൽ പെൻഷനേഴ്‌സ് അസോസിയേഷൻ ഉദ്ഘാടന വേദിയിലെത്തിയ രാജ്മോഹൻ ഉണ്ണിത്താനെതിരെയാണ് പ്രതിഷേധം ഉയർന്നത്. സമ്മേളനത്തിനെത്തിയ ഒരു പ്രതിനിധി ഉണ്ണിത്താൻ്റെ ഉദ്ഘാടന പ്രസംഗത്തിനിടെ പ്രതിഷേധിക്കുകയായിരുന്നു.
അതേസമയം കോൺഗ്രസിൽ പോര് മുറുകുകയാണ്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആസൂത്രിതമായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫി പറമ്പിലും അദ്ദേഹത്തിന്റെ അനുയായികളുമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പരസ്യമായി ആരോപിച്ചിരുന്നു. ഈ സൈബർ ക്യാമ്പയിനുകൾ അടൂർ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. ഷാഫി പറമ്പിൽ കോൺഗ്രസിലെ ‘എ’ ഗ്രൂപ്പുകാരനാണെന്ന് പറയുന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്ന് ഉണ്ണിത്താൻ പരിഹസിച്ചു. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്ന പലരും സോളാർ വിവാദകാലത്ത് അദ്ദേഹത്തെ സംരക്ഷിക്കാതെ ഒളിച്ചോടിയവരാണെന്നും ഉണ്ണിത്താൻ ആരോപിച്ചിരുന്നു.പിന്നാലെ ഷാഫി പറമ്പിലിനെ പിന്തുണച്ച് ഒരു വിഭാഗം നേതാക്കളും എത്തിയിരുന്നു. ഇന്ന് രാവിലെ രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താനും ഷാഫി പറമ്പിലിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെ ഫ്ലക്സ് യുദ്ധം കടുക്കുന്നതോടെയായിരുന്നു അമലിന്റെ പ്രതികരണം. സംസ്ഥാനത്ത് വിവിധിയിടങ്ങളിലാണ് ഷാഫിയെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഫ്ലക്സുകൾ പ്രത്യക്ഷപ്പെടുകയാണ്. ഇതിൽ രൂക്ഷമായ ഭാഷയിലാണ് അമൽ പ്രതികരിച്ചിരിക്കുന്നത്.




