Uncategorized

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ചു; റെയിൽവേ സ്റ്റേഷന്റെ പിൻവശത്തുകൂടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പൊലീസിന്റെ വലയിൽ

തിരൂര്‍: ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവിനെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ കുഴിപ്പുറം കവലയില്‍ താമസിക്കുന്ന തെക്കാരത്ത് അബ്ദുല്‍ അസീബ് (26) ആണ് പിടിയിലായത്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ചെറുപാക്കറ്റുകളിലാക്കി കഞ്ചാവ് വില്‍പന നടത്താനാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷയില്‍നിന്ന് കഞ്ചാവ് വാങ്ങി ബാഗില്‍ സൂക്ഷിച്ചാണ് പ്രതി ട്രെയിന്‍ മാര്‍ഗം തിരൂരിലെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ ശേഷം പ്രധാന കവാടത്തിലൂടെ പുറത്തുകടക്കാതെ പിന്‍വശത്തെ ബസ് സ്റ്റാന്‍ഡിലേക്കുള്ള വഴിയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെച്ചാണ് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ചെറിയ പൊതികളിലാക്കി കഞ്ചാവ് വിതരണം ചെയ്യുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയില്‍നിന്ന് കഞ്ചാവ് എത്തിക്കുന്നതിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും ഇയാള്‍ക്ക് പ്രാദേശികമായി വില്‍പന ശൃംഖലയുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

തിരൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ അനുഷ, മിഥുന്‍, അഭയ, നസീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കൈലാസ്, ഷെമിത്ത്, ഇന്ദ്രജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആശിഷ്, ഉണ്ണിക്കുട്ടന്‍, പ്രിന്റോ, ബൈജു, വിനീത്, ഷൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ലഹരിവസ്തുക്കളുടെ കടത്തും വില്‍പനയും തടയുന്നതിനായി പരിശോധനകള്‍ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button