Uncategorized

‘ഏറെ ഹൃദയവേദനയോടെ, ആദരാഞ്ജലികൾ’; മങ്കടയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥികള്‍ മരിച്ചതിൽ കെ സി വേണുഗോപാൽ

ആലപ്പുഴ: മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അത്യന്തം വേദനാജനകമായ സംഭവമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭാവി തലമുറയ്ക്ക് മാതൃകയാകേണ്ടിയിരുന്ന ഒരു നാടിനും ആ കുടുംബങ്ങള്‍ക്കും മാതൃകയായും അഭിമാനമായും മാറേണ്ടിയിരുന്ന ചെറുപ്പക്കാരുടെ കുടുംബത്തോട് എത്രത്തോളം ആശ്വാസവാക്കുകള്‍ പറഞ്ഞാലും മതിയാവില്ലെന്നറിയാമെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ആ കുടുംബത്തോടൊപ്പം നമുക്ക് ചേര്‍ന്നുനില്‍ക്കേണ്ടതുണ്ട്. അവരുടെ വേദനയില്‍ പങ്കുകൊള്ളേണ്ടതുണ്ട്. അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ റഹീസിന്റെയും വഹാസിന്റെയും സിയാദിന്റെയും ഫഹദിന്റെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക കാലവിളംബം ഏതുമില്ലാതെ നല്‍കാനുള്ള ഇടപെടല്‍ നടത്തണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയാണ്. എല്ലാ നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തീകരിക്കണം. ഒപ്പം, പരിക്കേറ്റവര്‍ക്ക് എത്രയും വേഗത്തില്‍ തന്നെ മികച്ച ചികിത്സ ഉറപ്പുവരുത്തണം. എത്രയും വേഗം അവര്‍ സുഖം പ്രാപിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന. ഏറെ ഹൃദയവേദനയോടെ, കുട്ടികള്‍ക്ക് ആദരാഞ്ജലികള്‍’, കെ സി വേണുഗോപാല്‍ കുറിച്ചു.

വെള്ളിമല പുതുക്കുടി വീട്ടില്‍ അലിയുടെ മകന്‍ റഹീസ് (20), ആലിക്ക പറമ്പില്‍ വീട്ടില്‍ അസീസിന്റെ മകന്‍ സിയാദ് (18), കൂരിമണ്ണില്‍ പുത്തന്‍വീട്ടില്‍ സെയ്തലവിയുടെ മകന്‍ ബഹാസ് (18), നിസാറിന്റെ മകന്‍ ഫഹദ് (22) എന്നിവരാണ് മരിച്ചത്. റോഷന്‍ (20), ഇഷ്താഹ് (19), സല്‍മാനുല്‍ ഫാരിസ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.ശക്തമായ ഇടിമിന്നലാണ് പ്രദേശത്തുണ്ടായത്. ഇടിമിന്നലേറ്റ വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രദേശവാസികളാണ് വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ സിപിആര്‍ നല്‍കി. എന്നാല്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിക്കുകയായിരുന്നു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button