അരിക്കൊമ്പന്റെ കഴുത്തിലെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വീണ്ടും കിട്ടിത്തുടങ്ങി. ആന ഇന്നലെ തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള മാവടി ഭാഗത്തുണ്ട്. തമിഴ്നാട് വനമേഖലയിലെ മണ്ണാത്തിപ്പാറയിലേക്കു കടന്ന ശേഷം പെരിയാർ വനത്തിലേക്കു തിരികെയെത്തുകയായിരുന്നു.
റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ചൊവ്വാഴ്ച പുലർച്ചെ മുതൽ ലഭിക്കാതിരുന്നതു വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിരുന്നു. ആന ഇടതൂർന്ന ചോലവനത്തിലോ മലയിടുക്കിലോ ആയിരുന്നതിനാലാകാം സിഗ്നലുകൾ നഷ്ടമായതെന്നാണു നിഗമനം. ചൊവ്വാഴ്ച രാത്രി വൈകി സിഗ്നൽ ലഭിച്ചുതുടങ്ങി.
കഴിഞ്ഞ ദിവസം അരിക്കൊമ്പൻ എത്തിയ വണ്ണാത്തിപ്പാറയിൽ നിന്ന് അഞ്ചു കിലോമീറ്ററിനപ്പുറം തമിഴ്നാട്ടിലെ ജനവാസമേഖലയാണ്. ഇവിടേക്ക് കടക്കുന്നുണ്ടോ എന്ന് തമിഴ്നാട് വനം വകുപ്പും നിരീക്ഷിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ജനവാസ മേഖലകളിലേക്കു കടന്നാൽ കേരളത്തിലേക്ക് ഓടിച്ചു വിടാനും അങ്ങനെയെങ്കിൽ അരിക്കൊമ്പൻ ചിന്നക്കനാലിൽത്തന്നെ തിരിച്ചെത്താനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പടക്കം പൊട്ടിച്ച് കാടുകയറ്റാനും വനം വകുപ്പ് ആലോചന തുടങ്ങി.
∙ “ചിന്നക്കനാലിലേക്കു തിരിച്ചുവരാനുള്ള സാധ്യത കുറവാണ്. കൂടുതൽ അനുയോജ്യമായ സ്ഥലത്താണ് അരിക്കൊമ്പൻ ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്”.- ഡോ. പി.എസ്.ഈസ (കേരള വനഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ),ഡോ. ഇ.കെ.ഈശ്വരൻ (മുൻ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ)
∙ “ജനവാസമേഖലയിൽ എത്തുന്നതിനു വളരെ മുൻപു തന്നെ വിവരം വനം വകുപ്പിനു ലഭിക്കും”.-മന്ത്രി എ.കെ.ശശീന്ദ്രൻ