കനത്ത കാറ്റും മഴയും: ഉളിക്കൽ-കൊക്കാട് റോഡിലേക്ക് മരം വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ചെമ്പേരി: കനത്ത കാറ്റിലും മഴയിലും ഉളിക്കൽ-കൊക്കാട് റോഡിലേക്ക് വൻമരം കടപുഴകി വീണു. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡിലാണ് അപകടമുണ്ടായത്.
റോഡിന് കുറുകെ മരം വീഴുന്ന സമയത്ത് ഇതുവഴി വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതും, മരം വീഴുന്നത് കണ്ട് ഡ്രൈവർമാർ പെട്ടെന്ന് വാഹനങ്ങൾ നിർത്തിയതും വലിയൊരു ദുരന്തം ഒഴിവാക്കി.
വൈദ്യുതി ലൈനിലേക്കാണ് മരം പതിച്ചത്. ഇതേതുടർന്ന് കെ.എസ്.ഇ.ബി-യുടെ എ.ബി.സി.എസ് സംവിധാനവും കേബിൾ ബന്ധവും പൂർണ്ണമായി തകർന്നു. ഇവിടെ മാത്രം രണ്ടര ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി അധികൃതർ അറിയിച്ചു. റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ മറ്റ് വഴികളിലേക്ക് തിരിച്ചുവിട്ടു.
തുടർന്ന് ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, പോലീസ്, കെ.എസ്.ഇ.ബി ജീവനക്കാർ എന്നിവരും നാട്ടുകാരും ചേർന്ന് രാത്രി നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ചുമാറ്റി ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്.




