24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കെഎസ്ആർടിസിയിൽ വരുമാനം കൂട്ടാൻ പുറംകരാർ
Kerala

കെഎസ്ആർടിസിയിൽ വരുമാനം കൂട്ടാൻ പുറംകരാർ

കലക്‌ഷൻ കൂട്ടാൻ കെഎസ്ആർടിസിയുടെ ടിക്കറ്റ് വിൽപനയും മാർക്കറ്റിങ്ങും ഡേറ്റാ വിശകലനവും സെർവറുമെല്ലാം പുറംകരാർ നൽകുന്നു. ഡിജിറ്റൽ ടിക്കറ്റ് സൊലൂഷൻസ് എന്ന പദ്ധതിക്കു സേവനദാതാവിനെ കണ്ടെത്താൻ കെറെയിൽ വഴി ടെൻഡർ വിളിച്ചു. വിൽക്കുന്ന ഓരോ ടിക്കറ്റിനും നിശ്ചിത ശതമാനം പ്രതിഫലമാണ് കമ്പനിക്കുള്ള വാഗ്ദാനം.

ഒന്നരവർഷം മുൻപു നാലരക്കോടി രൂപ ചെലവിട്ടു വാങ്ങിയ 5,500 എംബഡഡ് ടിക്കറ്റ് മെഷീനുകൾക്കു പകരം ആൻഡ്രോയ്ഡ് മെഷീനുകളിലേക്കു ടിക്കറ്റിങ് മാറ്റും. നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) മാതൃകയിലുള്ള ട്രാവൽ കാർഡ് അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനം ഓർഡിനറി മുതൽ സൂപ്പർ ഫാസ്റ്റ് വരെയുള്ള 3500 ബസുകളിലാണു നടപ്പാക്കുന്നത്. ഭാവിയിൽ ഈ ബസുകളിലെ മുഴുവൻ സീറ്റും റിസർവ്ഡ് വിഭാഗത്തിലേക്കു മാറും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസുകളിൽ പരീക്ഷിക്കും. ഇപ്പോൾ പ്രീമിയം ബസുകളിലുള്ള ഡിജിറ്റൽ ബുക്കിങ് സംവിധാനം ഭാവിയിൽ ഈ പദ്ധതിയുമായി സംയോജിപ്പിക്കുമെന്നാണു ടെൻഡറിലെ വ്യവസ്ഥ. 

2003ൽ ആണു ടിക്കറ്റ് മെഷീൻ കൊണ്ടുവന്നത്. 2020ൽ ട്രാവൽ കാർഡും അവതരിപ്പിച്ചു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം ഡിജിറ്റൽവൽക്കരണം വിജയിച്ചില്ല. 2 ലക്ഷം ട്രാവൽ കാർഡിൽ പതിനായിരത്തിൽ താഴെയാണു വിറ്റു പോയത്.  4500 ബസുകൾക്കായി 5,500 എംബഡഡ് മെഷീനുകൾ വാങ്ങിയെങ്കിലും ബാറ്ററിക്ഷമതയില്ലാത്തതിനാൽ ദീർഘദൂര ബസുകളിൽ പ്രയോജനപ്പെടുന്നില്ല. മെഷീനുകൾ സ്ഥിരമായി തകരാറിലാകുന്നുമുണ്ട്. ദിവസം 20 ലക്ഷത്തോളം യാത്രക്കാരുണ്ടെങ്കിലും ഡേറ്റ വിശകലനം ചെയ്ത് ഇവരുടെ യാത്രാ ആവശ്യങ്ങൾ മനസ്സിലാക്കാനും സർവീസ് ക്രമീകരിക്കാനുമാകുന്നില്ല. മെഷീൻ തകരാർ, പരിപാലനം, ഡേറ്റാ വിശകലനം, സെർവറിന്റെ വാടക, മാർക്കറ്റിങ് എന്നിവയെല്ലാം കെഎസ്ആർടിസിക്കു ബാധ്യതയായി. 

ഈ സാഹചര്യത്തിലാണു പൂർണമായ പുറംകരാർ. മെഷീൻ ഉൾപ്പെടെ ഒന്നും കെഎസ്ആർടിസി വാങ്ങുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യില്ല. ഈ സൗകര്യം കമ്പനി നൽകണം. ടിക്കറ്റ് വിൽപന കൂട്ടാനുള്ള എന്തു തന്ത്രവും കമ്പനിക്കു സ്വീകരിക്കാം. കൂടുതൽ വിറ്റാൽ കൂടുതൽ പ്രതിഫലം. 20നു നടന്ന പ്രീബിഡ് യോഗത്തിൽ എട്ടു കമ്പനികൾ താൽപര്യമറിയിച്ചു.

ബസിന്റെ വരവ് അറിയാം; യുപിഐ പേയ്മെന്റും വരും

യാത്രക്കാരെ സംബന്ധിച്ച് സീറ്റ് റിസർവേഷനു പുറമേ ക്യൂആർ കോഡ് സ്കാൻ ചെയ്ത് യുപിഐ പേയ്മെന്റും സാധ്യമാകും.  വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സൗകര്യമുണ്ടാകുമെന്നതിനാൽ ബസിന്റെ സഞ്ചാരമാർഗം തൽസമയം അറിയാനും സീറ്റ് ബുക്ക് ചെയ്യാനുമാകും. സഞ്ചാരസമയത്തു തന്നെ സീറ്റ് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനം ഡീലക്സ് മുതൽ സ്വിഫ്റ്റ് വരെയുള്ള ബസുകളിൽ ഏപ്രിൽ 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യം മറ്റു ബസുകളിലും ലഭിക്കും.

Related posts

മരുന്നുകൾ നിരോധിച്ചു; സ്റ്റോക്ക് തിരികെ നൽകണം

Aswathi Kottiyoor

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു.

Aswathi Kottiyoor

ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആരോഗ്യ വകുപ്പില്‍ ജോലി

Aswathi Kottiyoor
WordPress Image Lightbox