24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: വി ശിവൻകുട്ടി
Kerala

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: വി ശിവൻകുട്ടി

ലോകമെമ്പാടുമുള്ള തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾക്കും ജീവന ഉപാധികൾക്കും മേലുള്ള സാമ്രാജ്യത്വത്തിന്റെ അതീശത്വ പ്രവണതയ്‌ക്കെതിരെ ശക്തമായ ശബ്ദം ഉയർത്തേണ്ട ഏറ്റവും നിർണായകമായ ഘട്ടത്തിലൂടെയാണ് തൊഴിലാളി വർഗ്ഗം കടന്നു പോകുന്നത്. ഇക്കൊല്ലത്തെ മെയ് ദിനത്തിന് ഇന്ത്യയിൽ മെയ് ദിനാചരണം ആരംഭിച്ചിട്ട് 100 വർഷങ്ങൾ പൂർത്തിയാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

1923 ലാണ് സഖാവ് എം.ശിങ്കാര വേലു അന്നത്തെ മദ്രാസിൽ ചെങ്കൊടി ഉയർത്തിക്കൊണ്ട് ഇന്ത്യയിൽ മെയ് ദിനത്തിന് തുടക്കം കുറിച്ചത്. സാമ്രാജ്യത്വത്തിന്റെ കടന്നു കയറ്റങ്ങളും, തൊഴിലാളികൾക്കും രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെയും നടക്കുന്ന ആക്രമണങ്ങളെ തുറന്നു കാണിക്കാൻ നമുക്ക് മെയ് ദിനാചരണം വിനിയോഗിക്കേണ്ടതുണ്ട്.

ചരിത്ര പ്രസിദ്ധമായ തൊഴിലാളി വർഗ മുന്നേറ്റത്തിന്റെ ഓർമ്മ ദിനം കൂടിയാണ് മെയ്ദിനം.1957 ലെ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ മെയ്ദിനം അവധി ദിനമായി പ്രഖ്യാപിച്ചു. തൊഴിലവകാശം സംരക്ഷിക്കുക, വർഗ്ഗീയതയ്ക്ക് എതിരെ പോരാടുക എന്നതാണ് ഈ മെയ് ദിനത്തിൽ രാജ്യത്തെ 30 കോടിയോളം വരുന്ന തൊഴിലാളികൾ ഹൃദയത്തോട് ചേർത്തുവച്ച് എടുക്കേണ്ട പ്രതിജ്ഞ.

രാജ്യത്ത് തന്നെ ഏറ്റവും മികച്ച തൊഴിലാളി സൗഹൃദ സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, സാമൂഹ്യക്ഷേമം, പൊതുമേഖലാ സംരക്ഷണം എന്നീ മേഖലകളിൽ എൽ.ഡി.എഫ്. സർക്കാർ വലിയ നേട്ടങ്ങൾ കൈവരിച്ചു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയും സംരക്ഷിക്കുന്ന നടപടികൾ സർക്കാർ കൈക്കൊണ്ടു. പരമ്പരാഗത വ്യവസായങ്ങളായ കയർ, കശുവണ്ടി, കൈത്തറി, ഖാദി, ബീഡി, ഈറ്റ, മത്സ്യം തുടങ്ങിയ മേഖലകളെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വേണ്ട ഇടപെടലുകൾ സർക്കാർ നടത്തി വരുന്നു. തൊഴിലാളി താൽപര്യം സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ വിട്ടു വീഴ്ച ഇല്ലാത്ത സമീപനമാണ് സ്വീകരിച്ചു വരുന്നത്

ഇ എം എസ് സർക്കാർ കൊണ്ടു വന്ന ഭൂപരിഷ്കരണ നിയമം തൊട്ട് നിരവധി തൊഴിലാളി അനുകൂല നിയമങ്ങളാണ് സ്വാതന്ത്ര്യാനന്തര കേരളം കൊണ്ടുവന്നത്. ചെറുകിട കർഷകരും തൊഴിലാളികളും ഒക്കെ ഭൂമിയുടെ ഉടമസ്ഥരായി. വിവിധ മേഖലകളിൽ മിനിമം വേതനം നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ഇന്നിപ്പോൾ 84 മേഖലകളിൽ തൊഴിലാളികൾക്ക് മിനിമം വേതനം പ്രഖ്യാപിച്ച രാജ്യത്തെ ഏക സംസ്ഥാനം ആണ് കേരളം.

തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങൾ നേടാനും സംരക്ഷിക്കാനും തൊഴിലാളി യൂണിയനുകളുടെ സംഭാവന ചെറുതല്ല. ഏറ്റവും മികച്ച തൊഴിലുടമ – തൊഴിലാളി ബന്ധമാണ് കേരളത്തിൽ നിലവിലുള്ളത്. തൊഴിൽ തർക്കങ്ങൾ തുലോം കുറഞ്ഞു. തർക്കങ്ങൾ ഉണ്ടാകുകയാണെങ്കിൽ തന്നെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ അപ്പോൾ തന്നെ ഇടപെട്ട് പരിഹരിക്കുന്നുണ്ട്. മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്. തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദമാക്കാൻ വിവിധ ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ട്. മികച്ച വേതനം, തൊഴിലിടങ്ങളിൽ ഇരിക്കാനുള്ള അവകാശം, ആധുനിക സമൂഹം ആവശ്യപ്പെടുന്ന മറ്റ് അവകാശങ്ങൾ തുടങ്ങിയവയൊക്കെ സർക്കാർ ഉറപ്പ് വരുത്തുന്നുണ്ട്

Related posts

മിൽമ കാലിത്തീറ്റ വില മലബാറിൽ കൂടില്ല; കൂട്ടിയത് സബ്‌സിഡിയായി നൽകും

Aswathi Kottiyoor

പേരാവൂർ സ്പോർട്സ് കാർണിവൽ; ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ ഇന്ന് വിവിധ മത്സരങ്ങൾ

Aswathi Kottiyoor

93 നഗരങ്ങളിൽ മാലിന്യ ബാങ്കുകളും വേസ്റ്റ് ട്രേഡ് സെന്ററുകളും വരുന്നു.

Aswathi Kottiyoor
WordPress Image Lightbox