24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആദ്യം ഐഎഎസ് സ്ഥലംമാറ്റം ‘കൈപ്പിടിയിൽ’, ഇനി വകുപ്പുകളും; മുഖ്യമന്ത്രി പിടിമുറുക്കുന്നു
Uncategorized

ആദ്യം ഐഎഎസ് സ്ഥലംമാറ്റം ‘കൈപ്പിടിയിൽ’, ഇനി വകുപ്പുകളും; മുഖ്യമന്ത്രി പിടിമുറുക്കുന്നു


തിരുവനന്തപുരം ∙ മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ കൂടി മുഖ്യമന്ത്രി പൊതുഭരണവകുപ്പിലൂടെ പിടിമുറുക്കുന്നത് ഐഎഎസുകാരുടെ സ്ഥലംമാറ്റത്തിനുള്ള അധികാരം മന്ത്രിസഭയിൽ നിന്നു മുഖ്യമന്ത്രി ഏറ്റെടുത്തതിന്റെ തുടർച്ചയായി. ഇതുവരെയുള്ള എല്ലാ സർക്കാരുകളും ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും തീരുമാനിച്ചിരുന്നതു മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷം ആയിരുന്നു.

സ്വന്തം വകുപ്പിൽ സെക്രട്ടറിയും ഡയറക്ടറുമായി ആരെ നിയമിക്കണമെന്നും സ്വന്തം ജില്ലയിൽ ആരെ കലക്ടർ ആക്കണമെന്നും മന്ത്രിമാർക്ക് അഭിപ്രായം പറയാൻ അവസരം ഉണ്ടായിരുന്നു. കലക്ടർമാരുടെ നിയമന കാര്യത്തിൽ റവന്യു മന്ത്രിയുടെ അഭിപ്രായത്തിനു മുൻതൂക്കവും ലഭിച്ചിരുന്നു. പല സർക്കാരുകളുടെയും മന്ത്രിസഭാ യോഗങ്ങളിൽ ഐഎഎസുകാരുടെ നിയമനത്തിന്റെ പേരിൽ തർക്കങ്ങളും ഉണ്ടായിട്ടുണ്ട്.

ഒന്നാം പിണറായി സർക്കാരിന്റെ ആദ്യകാലത്തു മന്ത്രിസഭാ യോഗത്തിലാണ് ഐഎഎസ് നിയമനങ്ങൾ തീരുമാനിച്ചിരുന്നത്. അന്നത്തെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ അഭിപ്രായം ഇക്കാര്യത്തിൽ തേടുകയും ചെയ്തിരുന്നു. എന്നാൽ ആ മന്ത്രിസഭയുടെ അവസാന കാലത്തു തന്നെ ഐഎഎസ് നിയമനത്തിന്റെ പൂർണചുമതല മുഖ്യമന്ത്രി ഏറ്റെടുത്തു. നിയമനം മന്ത്രിസഭയിൽ ചർച്ച ചെയ്യാതായി.

രണ്ടാം പിണറായി സർക്കാർ വന്നപ്പോഴേക്കും ഇക്കാര്യത്തിൽ മന്ത്രിസഭയും മന്ത്രിമാരും കാഴ്ചക്കാരായി മാറി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേർന്നാണ് ഐഎഎസുകാരുടെ സ്ഥലംമാറ്റപ്പട്ടിക തയാറാക്കുന്നത്. തങ്ങളുടെ വകുപ്പുകളിൽ മേധാവിമാരായി ആരെ വേണമെന്നു പറയാൻ പോലും മന്ത്രിമാർക്ക് അധികാരമില്ല. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്കു കലക്ടർ സ്ഥാനത്തു നിന്ന് ആരെയെങ്കിലും മാറ്റണമെന്നോ മറ്റൊരാളെ നിയമിക്കണമെന്നോ പറയാൻ അവസരം ഇല്ല. പലപ്പോഴും പതിവു മന്ത്രിസഭാ യോഗം ചേരുന്ന ബുധനാഴ്ചയ്ക്കു മുൻപു തന്നെ ഐഎഎസുകാരെ സ്ഥലം മാറ്റി സർക്കാർ ഉത്തരവിറക്കും. പിന്നീടു മന്ത്രിമാർ പരാതി പറഞ്ഞിട്ടു കാര്യവുമില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു സിപിഐ ഈ നിലപാടിനെതിരെ രംഗത്തു വന്നിരുന്നു. എന്നാൽ പിന്നീട് അവർ മുഖ്യമന്ത്രിക്കു വഴങ്ങേണ്ടി വന്നു. ഭരണത്തിനു വേഗം പോരെന്നും ഫയലുകൾ നീങ്ങുന്നില്ലെന്നും കഴിഞ്ഞ ദിവസം അണ്ടർ സെക്രട്ടറി മുതൽ സ്പെഷൽ സെക്രട്ടറി വരെയുള്ളവരുടെ യോഗത്തിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർക്കു കൂടുതൽ അധികാരം നൽകുന്നതിലൂടെ ഫയൽ നീക്കം വേഗമാർജിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

Related posts

പടിയൂർ പൂവൻപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

നവംബറിൽ നടത്താനിരുന്ന സിനിമ കോൺക്ലേവ് ജനുവരിയിലേക്ക് മാറ്റാൻ നീക്കം

Aswathi Kottiyoor

രാത്രിയുടെ മറവിൽ അസം ചുരക്ക കൃഷി വെട്ടിനശിപ്പിച്ച നിലയിൽ, കൃഷി ചെയ്തത് പണം കടമെടുത്ത്, കണ്ണീർ തോരാതെ യുവകർഷകൻ

Aswathi Kottiyoor
WordPress Image Lightbox