20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ലഹരിക്കാരായ’ നടീനടൻമാരെ കൃത്യമായി അറിയാം; ഇടപെടാന്‍ സഹകരണമില്ലെന്ന് എക്‌സൈസ്
Uncategorized

ലഹരിക്കാരായ’ നടീനടൻമാരെ കൃത്യമായി അറിയാം; ഇടപെടാന്‍ സഹകരണമില്ലെന്ന് എക്‌സൈസ്


തിരുവനന്തപുരം∙ സിനിമാമേഖലയിൽ രാസലഹരി ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ പൊലീസും എക്സൈസും ശേഖരിച്ചെങ്കിലും നടപടിയെടുക്കാനാകുന്നില്ല. പ്രമുഖ നടീനടൻമാരടക്കം പത്തോളം പേരുടെ വിവരങ്ങളാണ് എക്സൈസിന്റെ വിവിധ സംഘങ്ങൾ ശേഖരിച്ചത്. ലഹരി കടത്തിൽ പിടിയിലാകുന്നവരിൽനിന്നും ലഭിക്കുന്ന വിവരങ്ങളും അവരുടെ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയുമാണ് നടീനടൻമാരുടെയും സിനിമാ പ്രവർത്തകരുടെയും വിവരങ്ങൾ എക്സൈസിന് ലഭിച്ചത്. അതേസമയം, സിനിമാ മേഖലയിൽനിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്തതിനാൽ പരിശോധന നടത്താനാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

എറണാകുളം ജില്ലയിലുള്ളവരാണ് രാസലഹരി ഉപയോഗത്തില്‍ മുന്നിലെന്നാണ് എക്സൈസ് കണ്ടെത്തൽ. സിനിമാ സെറ്റുകളിൽ രാസലഹരി ഉപയോഗം വർധിക്കുന്നതായുള്ള ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് എക്സൈസ് സംഘം നിരീക്ഷണം ആരംഭിച്ചത്. സിനിമയുടെ വിവിധ മേഖലകളിൽ താഴേത്തട്ടിൽ പ്രവർത്തിക്കുന്നവരാണ് സെറ്റുകളിലേക്ക് ലഹരി എത്തിക്കുന്നതിലെ പ്രധാന കണ്ണിയെന്നു മനസിലായി.

കടത്തുകാരെ ചോദ്യം ചെയ്തപ്പോഴും ഫോൺ രേഖകൾ പരിശോധിച്ചപ്പോഴും അഭിനേതാക്കളുടെയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും വിവരങ്ങൾ ലഭിച്ചു. സെറ്റുകളിൽ രാസലഹരി ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള വിവരം പൊലീസും ശേഖരിച്ചു. എന്നാൽ, സിനിമാ സംഘടനകളിൽനിന്നും സഹകരണം ലഭിക്കാത്തതിനാൽ തുടരന്വേഷണം നടത്താനായില്ലെന്ന് അധികൃതർ പറ​യുന്നു.

‘‘സിനിമാ സംഘടനകൾ ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കൈമാറിയിട്ട് കാര്യമില്ല. സെറ്റുകളിൽ ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് പൊലീസിനും എക്സൈസിനും കൃത്യമായ അറിവുണ്ട്. സിനിമാ സെറ്റുകളിലെ പരിശോധനയ്ക്ക് സംഘടനകളുടെ സഹകരണം വേണം. ഇത്തരം പ്രവർത്തനങ്ങൾ നടക്കുമ്പോൾ കൃത്യമായ വിവരങ്ങൾ ഉടൻ അന്വേഷണ ഏജൻസികൾക്ക് കൈമാറണം’–എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മനോരമ ഓൺലൈനോട് പറഞ്ഞു.

സൈറ്റുകളിൽ പരിശോധന നടത്തുന്നതിന് പൊലീസിനും എക്സൈസിനും പരിമിതികളുണ്ട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാലും ലഹരിമരുന്ന് കണ്ടെടുക്കാനായില്ലെങ്കിൽ പ്രതിഷേധം ഉയരുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. റെയ്ഡ് നടത്തുമ്പോൾ ഷൂട്ടിങ് തടസ്സപ്പെടാം. കോടികൾ മുടക്കുന്ന വ്യവസായമായതിനാൽ ഷൂട്ടിങ് തടസപ്പെടുന്നത് പ്രതിഷേധത്തിന് ഇടയാക്കും.

കേസെടുത്താൽ സിനിമാ സെറ്റുകളിൽ ഉള്ളവർ കോടതിയിൽ സാക്ഷിപറയാനെത്താത്ത സാഹചര്യം ഉണ്ടാകും. സിനിമയിലുള്ളവർ തന്നെ മുൻകൈ എടുത്ത് സെറ്റുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കണമെന്നും അന്വേഷണ ഏജൻസികൾക്ക് ഉടൻ വിവരം കൈമാറി സഹകരിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ സിനിമാ സംഘടനകളും പൊലീസും എക്സൈസും തമ്മിൽ ചർച്ച നടത്താനുള്ള ശ്രമവും നടന്നുവരുന്നു.

Related posts

സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്കിന് ഇന്ന് തുടക്കം; ‘നിര്‍മ്മിക്കുന്നത് ഇപിഇ ഫോം ഷീറ്റ്’

Aswathi Kottiyoor

സൂറത്തിൽ ഹോട്ടൽ ലിഫ്റ്റ് അപകടത്തിൽപ്പെട്ടു, കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

വയനാട് തലപ്പുഴ തവിഞ്ഞാൽ റിസർവ് വനമേഖലയിലെ മരം മുറി;മുറിച്ചത് സോളാർ ഫെൻസിങിന് വേണ്ടി

Aswathi Kottiyoor
WordPress Image Lightbox