ആ സ്പോണ്സര് ആര്? മുഖ്യമന്ത്രിയുടെ ചാര്ട്ടേഡ് വിമാനയാത്രയില് അടിമുടി ദുരൂഹത

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ മലപ്പുറത്തേക്കുള്ള ചാര്ട്ടേഡ് വിമാന യാത്രയില് അടിമുടി ദുരൂഹത. സര്ക്കാര് ചെലവിലല്ല മുഖ്യമന്ത്രി പോയതെന്ന് ഓഫീസ് വിശദീകരിക്കുമ്പോഴും ആരുടെ ചെലവില് ആയിരുന്നു യാത്ര എന്ന കാര്യത്തില് മറുപടിയില്ല. സ്വകാര്യ വ്യക്തികളുടെ സൗജന്യം ഔദ്യോഗിക കാര്യങ്ങള്ക്ക് ഉപയോഗിക്കുന്നത് അഴിമതിയും സത്യപ്രതിജ്ഞാ ലംഘനവുമെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്ശനം. മന്ത്രിമാരുടെ വിദേശയാത്രയിലും മന്ത്രി കെ എം ഷാജിയുടെ ആഡംബര വാഹന ഉപയോഗത്തിലും വിമര്ശനം ശക്തമാണ്.
വി ഡി സതീശന് സര്ക്കാര് കഴിഞ്ഞ കുറച്ചുനാളുകളായി വിവാദത്തിലാണ്. പിഎം ശ്രീ അടക്കം അതില് ഉള്പ്പെടും. മന്ത്രി കെ എം ഷാജിയുടെ ആഡംബര വാഹന യാത്രയും മന്ത്രിമാരുടെ വിദേശയാത്രയും ലോക കേരള സഭയിലെ യൂടേണടിയുമൊക്കെയായിരുന്നു കഴിഞ്ഞ കുറച്ചുദിവസമായി വാര്ത്തകളില് നിറഞ്ഞുനിന്നത്. അതിലെ ഏറ്റവും ഒടുവിലത്തേതാണ് മുഖ്യമന്ത്രിയുടെ ചാര്ട്ടേഡ് വിമാന യാത്ര. മലപ്പുറത്ത് കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള് വിലയിരുത്തുന്നതിനും മറ്റുമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ചാര്ട്ടേഡ് ഫ്ളൈറ്റ് യാത്ര അധിക ചെലവാണെന്നുള്ള ആക്ഷേപം ഉയര്ന്നതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. ചാര്ട്ടേഡ് ഫ്ളൈറ്റിന്റെ ചെലവ് വഹിക്കുന്നത് സ്പോണ്സറാണെന്നായിരുന്നു ഓഫീസ് വിശദീകരണം. സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ല. കരിപ്പൂരിലേക്കുള്ള യാത്രാവിമാനങ്ങള് ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ചാര്ട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീശദീകരണം വന്നതോടെ ആ സ്പോണ്സര് ആരാണെന്നുള്ള ചോദ്യം ഉയര്ന്നു. വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. മുഖ്യമന്ത്രിക്കും സര്ക്കാരിനുമെതിരെ വിമര്ശനമുന്നയിച്ച് മുന് മന്ത്രി പി രാജീവ്, എം വിജിന് അടക്കമുള്ളവര് രംഗത്തെത്തി.
മുഖ്യമന്ത്രിയുടേത് തെറ്റായ നടപടിയെന്നായിരുന്നു പി രാജീവ് റിപ്പോര്ട്ടറിനോട് പ്രതികരിച്ചത്. ദുരൂഹമായാണ് കാര്യങ്ങള് നടക്കുന്നത്. മംഗലാപുരം യാത്ര വിവാദമായ ഘട്ടത്തില് ഒരു വിശദീകരണം നല്കാന് മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ഇത് ജനങ്ങളില് വലിയ സംശയം ഉളവാക്കും. ഈ സര്ക്കാര് സ്പോണ്സര് സര്ക്കാരായി മാറി. എല്ലാത്തിനും ടെന്ഡര് ഉണ്ടോ എന്നായിരുന്നു അവര് മുന്പ് ചോദിച്ചിരുന്നതെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഫ്ളൈറ്റ് യാത്രയ്ക്ക് പിന്നില് ബിനാമിയാണോ എന്ന ചോദ്യമുയര്ത്തിയായിരുന്നു വിജിന് രംഗത്തെത്തിയത്. മുഖ്യമന്ത്രി ദുരന്തമുഖത്തേക്ക് പോകുമ്പോള് സര്ക്കാര് ചെലവിലാണ് പോകേണ്ടത്. ഇതില് ഗൗരവമുള്ള അന്വേഷണം വേണം. മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് സ്പോണ്സര്മാര് നിരന്ന് നില്ക്കുകയാണെന്നും വിജിന് പരിഹസിച്ചു.




