പ്രകൃതിദുരന്തങ്ങളിലും സർക്കാർ അവഗണന തുടരുന്നു; ദുരിതാശ്വാസ സഹായം വൈകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

സംസ്ഥാനത്ത് ഇന്നലെയുണ്ടായ അപ്രതീക്ഷിത മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും ഒമ്പത് ജീവനുകൾ നഷ്ടപ്പെട്ട സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി
അതേസമയം, പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും യുഡിഎഫ്. സർക്കാർ ദുരന്തബാധിതരോട് കടുത്ത അവഗണനയും മനുഷ്യത്വരഹിതമായ സമീപനവുമാണ് പുലർത്തുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ആഗസ്റ്റ് ആദ്യവാരമുണ്ടായ പ്രളയം കഴിഞ്ഞ് ഇത്രയും കാലമായിട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിതർക്കായി പ്രഖ്യാപിച്ച അടിയന്തര ധനസഹായം പോലും സർക്കാർ ഇതുവരെ നൽകിയിട്ടില്ല. അടിയന്തര സഹായം നൽകുന്നതിൽ പോലും ഇത്രയും കാലതാമസം വരുത്തുന്നത് ജനങ്ങളോട് പുലർത്തുന്ന കടുത്ത നിസ്സംഗതയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണമെന്നും, അർഹരായ മുഴുവൻ പ്രളയബാധിതർക്കും പ്രഖ്യാപിച്ച ധനസഹായം യാതൊരു കാലതാമസവുമില്ലാതെ വിതരണം ചെയ്യാൻ തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.




