22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വന്ദേഭാരത് 3 മണിക്കൂർ 12 മിനിറ്റിൽ എറണാകുളത്ത്; ആദ്യ യാത്രയേക്കാൾ 6 മിനിറ്റ് കുറവ്
Uncategorized

വന്ദേഭാരത് 3 മണിക്കൂർ 12 മിനിറ്റിൽ എറണാകുളത്ത്; ആദ്യ യാത്രയേക്കാൾ 6 മിനിറ്റ് കുറവ്

തിരുവനന്തപുരം ∙ വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം ട്രയൽ റൺ രാവിലെ 5.20നു തിരുവനന്തപുരം സെൻട്രലിൽ നിന്നാരംഭിച്ചു. ട്രെയിൻ കാസർകോടു വരെ സർവീസ് നടത്തും. 50 മിനിറ്റിൽ ട്രെയിൻ കൊല്ലത്തെത്തി. ആദ്യത്തെ പരീക്ഷണ ഓട്ടത്തിലും ഇതേ സമയമായിരുന്നു. മൂന്നു മണിക്കൂർ 12 മിനിറ്റു കൊണ്ടാണ് ട്രെയിൻ എറണാകുളത്ത് എത്തിയത്. ആദ്യ യാത്രയേക്കാൾ ആറു മിനിറ്റ് കുറവാണിത്. കാസര്‍കോട് വരെ എട്ടര മണിക്കൂറാണു ആകെ പ്രതീക്ഷിക്കുന്ന യാത്രാസമയം. നിലവിൽ ഈ റൂട്ടിൽ വേഗമേറിയ സർവീസായ തിരുവനന്തപുരം – നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന്റെ സമയം 8 മണിക്കൂർ 59 മിനിറ്റാണ്. എന്നാൽ ഇത് ആലപ്പുഴ വഴിയായതിനാൽ ദൂരം 15 കിലോമീറ്റർ കുറവാണ്.

ഈമാസം 25ന് ആരംഭിക്കുന്ന തിരുവനന്തപുരം– കണ്ണൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ നിരവധിപേരുടെ ആവശ്യത്തെ തുടർന്നാണു കാസർകോടുവരെ നീട്ടിയത്. ഇതോടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന സിൽവർലൈൻ വേഗ റെയിൽ പദ്ധതിയുടെ ദൂരമത്രയും വന്ദേഭാരത് യാത്ര സാധ്യമാകും. തുടക്കത്തിൽ 8 കോച്ചുമായിട്ടാകും വന്ദേഭാരത് സർവീസ്. ഒരേസമയം തിരുവനന്തപുരത്തുനിന്നും കാസർകോട്ടുനിന്നും പുറപ്പെടുന്നവിധം ഏതാനും മാസങ്ങൾക്കകം സർവീസ് ക്രമീകരിക്കുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വന്ദേഭാരതിന്റെ ആശയത്തെത്തന്നെ ഇല്ലാതാക്കുമെന്നതിനാൽ കൂടുതൽ സ്റ്റോപ് അനുവദിക്കില്ല. പകരം കൂടുതൽ ട്രെയിനുകൾ അനുവദിക്കും.

ട്രെയിനിന്റെ നിരക്കുകൾ വൈകാതെ നിശ്ചയിക്കും. 3 ഘട്ട നവീകരണത്തിലൂടെ വേഗം 160 കിലോമീറ്ററാക്കും. ഇപ്പോൾ 70–80 കിലോമീറ്റർ വേഗമുള്ള ഷൊർണൂർ–കണ്ണൂർ സെക്‌ഷനാകും ആദ്യഘട്ടം. ഒന്നര വർഷത്തിനകം ഇവിടെ 110 കിലോമീറ്റർ വേഗം കൈവരിക്കാനാകുംവിധം നവീകരിക്കും. ഇതിനു 381 കോടി രൂപ നീക്കിവച്ചു. സ്ഥലം ഏറ്റെടുത്തു വളവുകൾ നിവർത്തുന്ന രണ്ടാം ഘട്ടത്തിനു 3–4 വർഷമെടുക്കും. ഇതോടെ വേഗം 130 കിലോമീറ്ററാകും. ഏതാനും മാസങ്ങൾക്കകം വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കും. റൂട്ടിൽ പൂർണമായി 160 കിലോമീറ്റർ വേഗം ലക്ഷ്യമിടുന്ന മൂന്നാം ഘട്ടത്തിനായുള്ള സർവേയും ഡിപിആറും 7 മാസത്തിനകം തയാറാകും.

Related posts

മസാല ബോണ്ട് കേസ്; തോമസ് ഐസക് നൽകിയ ഹർജിയില്‍ ഇഡിക്ക് ഹൈക്കോടതി നോട്ടീസ്

Aswathi Kottiyoor

കേരളം അടക്കം 89 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു; ഏപ്രില്‍ നാലുവരെ പത്രിക നല്‍കാം

Aswathi Kottiyoor

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും

Aswathi Kottiyoor
WordPress Image Lightbox