തമ്പ്രാക്കളുടെ ബാറുകൾക്ക് മാത്രം ഇളവ് നൽകി’, കഴിഞ്ഞ സർക്കാരിനും പിണറായിക്കുമെതിരെ കടുത്ത വിമർശനവുമായി ബിനോയ് വിശ്വം; ‘ഷാപ്പിനും ബാറിനും രണ്ട് നീതി

കോട്ടയം: കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ള്ചെത്ത് വ്യവസായത്തോടും തൊഴിലാളികളോടും കഴിഞ്ഞ സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കാൻ കടപ്പെട്ട സർക്കാർ അതിനായി ഒന്നും ചെയ്തില്ല. ഷാപ്പുകൾ തുറക്കുന്നതിന് ആരാധനാലയങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ദൂരപരിധി 400 മീറ്ററിൽ നിന്ന് കുറയ്ക്കണമെന്ന് എൽ ഡി എഫ് യോഗത്തിൽ സി പി ഐ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സംസ്ഥാന സെക്രട്ടറി വെളിപ്പെടുത്തി. എന്നാൽ തമ്പ്രാക്കളുടെ ബാറുകൾക്ക് ദൂരപരിധി 50 മീറ്റർ മാത്രമാക്കി നൽകിയ എൽ ഡി എഫ് സർക്കാർ, ഷാപ്പുകളോടും ബാറുകളോടും രണ്ട് നീതിയാണ് കാണിച്ചതെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. എൽ ഡി എഫ് യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോൾ പിണറായി വിജയൻ ശരിയാണെന്ന് സമ്മതിച്ചെങ്കിലും അഞ്ച് കൊല്ലം ഒന്നും ചെയ്യാതെ കളഞ്ഞു കുളിക്കുകയായിരുന്നെന്നും ശരികൾ പാലിക്കുമ്പോഴാണ് അത് ശരികളാകുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.




