സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടു നല്കിയ ഹര്‍ജിക്കുപിന്നില്‍ അര്‍ബന്‍ എലൈറ്റുകളുടെ ആശയമാണെന്നാണ് സുപ്രീംകോടതിയില്‍ രണ്ടാമത് നല്കിയ സത്യവാംഗ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
വിവാഹം എന്നത് പരിപൂര്‍ണമായും സ്ത്രീയും പുരുഷനും തമ്മിലുള്ള ഒരു ബന്ധമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി വേണമെന്ന് ആവശ്യപ്പെടുന്നത് പ്രധാനമായും അര്‍ബന്‍ എലൈറ്റുകളാണ്.
എന്നാല്‍, ഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യം വിവാഹം എന്നത് ഭിന്ന വര്‍ഗങ്ങളില്‍ പെട്ടവര്‍ തമ്മില്‍ (സ്ത്രീയും പുരുഷനും) നടക്കേണ്ടതാണെന്നാണ്. അതിനാല്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത തേടി നല്‍കിയിരിക്കുന്ന ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
ഹിന്ദു നിയമങ്ങളിലും ഇസ്ലാം നിയമങ്ങളിലും വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള പവിത്രമായ ബന്ധമായാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ നില നില്ക്കുന്ന എല്ലാ മതങ്ങളുടെയും നിലപാടും ആചാരവും അതു തന്നെയാണ്. 1954 ലെ സ്പെഷ്യല്‍ മാര്യേജ് നിയമത്തിലും അനുശാസിക്കുന്നതും ഇതു തന്നെയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നല്കിയ സത്യവാംഗ്മൂലത്തില്‍ പറയുന്നു. സ്വവര്‍ഗ വിവാഹത്തിന് അനുമതി എന്നത് ഒരു മൗലീക അവകാശമായി കണക്കാക്കാനാകില്ലെന്നും കേന്ദ്രം വാദിക്കുന്നു.
വിവാഹം എന്നാല്‍ സാമൂഹികമായും നിയമപരമായും നിലനില്‍ക്കുന്ന ഒരു സംവിധാനമാണ്. ആ പശ്ചാത്തലത്തില്‍ തന്നെയാണ് സമൂഹത്തില്‍ വിവാഹ ബന്ധങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതും. അത്തരം വിവാഹ ബന്ധങ്ങള്‍ക്കാണ് നിയപരമായ അംഗീകാരം ഉള്ളതും.
ഭരണഘടനയുടെ 246-ാം വകുപ്പ് അനുസരിച്ചും ഭിന്ന വര്‍ഗത്തില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹ ബന്ധത്തിനാണ് നിയമപരമായ പരിരക്ഷ ഉള്ളത്. നിലവില്‍ വിവാഹവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ എടുത്തുകളഞ്ഞോ മാറ്റം വരുത്തി വ്യാഖ്യാനിച്ചോ കോടതിക്ക് ഇടപെടാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്കിയ സത്യവാംഗ്മൂലത്തിലെ വാദം.
സ്വവര്‍ഗ വിവാഹത്തിന് കോടതി നിയപരമായി അനുമതി നല്കിയാല് അതു നിലവിലുള്ള നിയമത്തിന് മേല്‍ പൂര്‍ണമായും നടത്തുന്ന പൊളിച്ചെഴുത്ത് ആയിരിക്കും. നിയമത്തില്‍ മാറ്റം വരുത്തണമെങ്കില്‍ തന്നെ അതിനുള്ള അധികാരം പാര്‍ലമെന്റില്‍ മാത്രമാണ് നിഷിപ്തമായിരിക്കുന്നത്. സ്വവര്‍ഗ വിവാഹത്തിന് അനുമതിയുള്ള രാജ്യങ്ങളില്‍ പോലും അതിനുള്ള നിയമ നിര്‍മാണം നടത്തിയിരിക്കുന്നത് പാര്ലമെന്റിലൂടെയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
നിരവധി വൈവിധ്യങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. അനേകം ജാതികളും ഉപജാതികളുമുണ്ട് രാജ്യത്ത്. വ്യക്തി നിയമങ്ങളും ആചാരങ്ങളും എല്ലാം തന്നെ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ മാത്രമേ അംഗീകരിക്കുന്നുള്ളൂ. ഒരു സാമൂഹിക പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വിവാഹ ബന്ധത്തിന് അതിന്റേതായ ഒരു പവിത്രതയുണ്ട്. ഇതില്‍ നിയമപരമായ മാറ്റങ്ങളുണ്ടാകുന്നത് സമൂഹത്തില്‍ കൂടുതല്‍ ആശയക്കുഴങ്ങള്ക്ക് വഴി തെളിക്കും.
ഇന്ത്യയില്‍ വിവാഹത്തിനും കുടുംബത്തിനും സാമൂഹികമായ വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ തന്നെ അര്‍ബന്‍ എലൈറ്റുകള്‍ ഉയര്‍ത്തിയിരിക്കുന്ന ഈ ആശയത്തോട് രാജ്യത്തെ ബഹുഭൂരിപക്ഷത്തിനും യോജിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.
സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ടു നല്കിയ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് ഡി.വി ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചിരുന്നു.