പി.എ മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്ത് ഇഡി; 50 പവൻ സൂക്ഷിച്ച ബാങ്ക് ലോക്കർ സീൽ ചെയ്തു

കൊച്ചി: മാസപ്പടിക്കേസിൽ മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ സുഹൃത്ത് ഫെബീഷിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ബാങ്ക് ലോക്കർ അന്വേഷണസംഘം സീൽ ചെയ്തു.
കോഴിക്കോട്ടെത്തിയാണ് ഇഡി ഫെബീഷിനെ ചോദ്യം ചെയ്തത്. ഇയാളുടെ ബാങ്ക് ലോക്കറിൽ നിന്ന് 50 പവനോളം സ്വർണം കണ്ടെത്തിയതായി ഇഡി അറിയിച്ചു. സഹോദരിയുടെ മകളുടെ വിവാഹ ആവശ്യത്തിനായി മാറ്റിവെച്ച സ്വർണമാണിതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ നൽകിയ മൊഴി. എന്നാൽ ഈ വിശദീകരണം പൂർണമായും വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ.
റിയാസുമായും ടി. വീണയുമായും അടുത്ത ബന്ധമുള്ള ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഫെബീഷിന്റെ വീട്ടിലും ലോക്കറിലും ഇഡി പരിശോധന നടത്തിയത്. മാസപ്പടി കേസിന് പുറമെ, സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് ഇഡി ശ്രമിക്കുന്നത്.
അതേസമയം, മാസപ്പടി കേസിൽ കരിമണൽ കമ്പനിയായ സിഎംആർഎൽ ജനറൽ മാനേജർ മനോഹർ ദാസിനെ ഇഡി കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. കേസിലെ പണമിടപാടുകളും സാമ്പത്തിക രേഖകളും കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.




