24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഷാറൂഖിന്റെ ടിക്കറ്റ് ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക്; ഷൊർണൂരിൽ ഇറങ്ങിയത് തെറ്റിദ്ധരിപ്പിക്കാൻ?
Uncategorized

ഷാറൂഖിന്റെ ടിക്കറ്റ് ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക്; ഷൊർണൂരിൽ ഇറങ്ങിയത് തെറ്റിദ്ധരിപ്പിക്കാൻ?

ഷാറുഖ് സെയ്ഫി (Video grab – Manorama News)
കോഴിക്കോട് ∙ എലത്തൂരിൽ ട്രെയിനിനുള്ളിൽ തീയിട്ട സംഭവത്തിനു പിന്നിൽ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നു കരുതാവുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ഷാറുഖ് സെയ്ഫി ഡൽഹിയിൽ നിന്നു കോഴിക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നതെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. എന്നാൽ, കോഴിക്കോട്ട് ഇറങ്ങാതെ ഷാറുഖ് ഷൊർണൂരിൽ ഇറങ്ങി. പിടിയിലായാലും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണു നിഗമനം.

ഷൊർണൂരിൽ നിന്നു പ്രതിക്കു സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ഷൊർണൂരിലേക്കുള്ള യാത്ര മറച്ചുവയ്ക്കാൻ തുടക്കത്തിൽ തന്നെ ഉണ്ടായ ശ്രമം ഈ സംശയം ബലപ്പെടുത്തുന്നു. കോഴിക്കോട്ടു തന്നെ ആക്രമണം നടത്തണമെന്നുള്ള കൃത്യമായ ലക്ഷ്യത്തോടെയാണു പ്രതി ഡൽഹിയിൽ നിന്നു പുറപ്പെട്ടതെന്നും ടിക്കറ്റിന്റെ വിവരങ്ങൾ ലഭിച്ചതോടെ അന്വേഷണ സംഘം വിലയിരുത്തുന്നു.

തീവയ്പു നടന്ന ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഷൊർണൂരിൽ നിന്നാണു ഷാറുഖ് കയറിയതെന്നും പൊലീസ് മനസ്സിലാക്കിയതു ഷാറുഖിന്റെ മൊഴിയിൽ നിന്നല്ല. ഷൊർണൂരിൽ പെട്രോൾ വാങ്ങാനായി ഷാറുഖ് സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറാണു മാധ്യമങ്ങളിൽ ചിത്രം കണ്ട് ഷാറുഖിനെ തിരിച്ചറിയുകയും സുഹൃത്തു വഴി പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. ഇറങ്ങിയ സ്ഥലത്തിന്റെ പേര് അറിയില്ലെന്നായിരുന്നു ചോദ്യം ചെയ്യലിൽ ഷാറുഖിന്റെ മറുപടി.

മാർച്ച് 31ന് ഡൽഹിയിൽ നിന്നു കേരള സമ്പർക്ക ക്രാന്തി എക്സ്പ്രസിൽ കയറിയ ഷാറുഖ് ഏപ്രിൽ 2ന് രാവിലെ 4.49നാണ് ഷൊർണൂരിൽ ഇറങ്ങിയത്. വൈകുന്നേരമാണ് പെട്രോൾ വാങ്ങാൻ പോയത്. റെയിൽവേ സ്റ്റേഷനു മുന്നിലെ ഓട്ടോ സ്റ്റാൻഡ് ഒഴിവാക്കി 500 മീറ്റർ അകലെ ഷൊർണൂർ പരുത്തിപ്ര റോഡിനു സമീപത്തെ സ്റ്റാൻഡിൽ നിന്നാണ് ഇയാൾ പമ്പിലേക്ക് ഓട്ടോ വിളിച്ചത്. പെട്രോൾ വാങ്ങി തിരികെ ഇതേ സ്ഥലത്ത് എത്തിച്ചെങ്കിലും റെയിൽവേ സ്റ്റേഷനിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെന്നാണു ഡ്രൈവറുടെ മൊഴി.

രാത്രി 7.19ന് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കയറി. പകൽ മുഴുവൻ പ്രതി ഷൊർണൂരിൽ എന്തു ചെയ്യുകയായിരുന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ ചിത്രം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല

Related posts

കോഴിക്കോട്ട് യുവാവിന്റെ മരണം കൊലപാതകം; ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചു, എല്ലുകൾ പൊട്ടി

Aswathi Kottiyoor

എംസി റോഡില്‍ ഗ്യാസ് ടാങ്കര്‍ തലകീഴായി മറിഞ്ഞ് വൻ അപകടം; ഗതാഗത നിയന്ത്രണം, വാതക ചോര്‍ച്ച തടയാൻ ശ്രമം

Aswathi Kottiyoor

നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് ഉദ്ഘാടനം കോൺഗ്രസ് ബഹിഷ്കരിക്കും: കെ സുധാകരൻ

Aswathi Kottiyoor
WordPress Image Lightbox