കയ്യാങ്കളി രമ്യതയിലേക്ക്? ഒന്നിച്ച് വേദി പങ്കിട്ട് രമ്യ ഹരിദാസും സജിത്ത് മുട്ടപ്പാലവും

തിരുവനന്തപുരം: കയ്യാങ്കളിയിലേക്ക് ഉള്‍പ്പെടെ എത്തിയ ചിറയിന്‍കീഴിലെ ഭിന്നതകള്‍ ഒടുവില്‍ സമവായത്തിലേക്കെന്ന് സൂചന. കയ്യാങ്കളിക്ക് പിന്നാലെ ആദ്യമായി ഒന്നിച്ച് വേദി പങ്കിട്ടിരിക്കുകയാണ് എംഎല്‍എയായ രമ്യ ഹരിദാസും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലവും. രമ്യയ്ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പാര്‍ട്ടി വേദികളില്‍ സഹകരിക്കില്ലെന്നായിരുന്നു സജിത്ത് പക്ഷത്തിന്റെ നേരത്തേയുള്ള നിലപാട്. ബ്ലോക്ക് പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലാണ് ഇരുനേതാക്കളും വേദി പങ്കിട്ടത്. കഴിഞ്ഞ ദിവസം നടന്ന പരിപാടിയുടെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. കയ്യാങ്കളി വിഷയം ഇതോടെ ഏതാണ്ട് കെട്ടടങ്ങിയെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ കെപിസിസി അന്വേഷണം നടത്തുകയും രമ്യ ഹരിദാസ് ഒരു എംഎല്‍എ എന്ന നിലയില്‍ ഈ രീതിയില്‍ പെരുമാറരുതായിരുന്നുവെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. നടപടി വേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും തത്ക്കാലം അത് വേണ്ടെന്ന് നേതൃത്വം നിലപാടെടുക്കുകയായിരുന്നു.
ചിറയിന്‍കീഴ് കയ്യാങ്കളി വിഷയം പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയെന്ന് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പരസ്യമായി പ്രതികരിച്ചിരുന്നു. വിഷയത്തില്‍ നിലവില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജാദിനെയും പാളയം പ്രദീപിനെയുമാണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. ഇതില്‍ തന്നെ നടപടികള്‍ ഒതുങ്ങാനാണ് സാധ്യത.




