കാസർഗോഡ് ഉദിനൂരിൽ ലഹരിവേട്ട; കൊക്കാക്കടവ് സ്വദേശി ആറര കിലോ ഗ്രാം കഞ്ചാവുമായി പിടിയിൽ

കാസർഗോഡ് ഉദിനൂരിൽ വൻ ലഹരിവേട്ട. കൊക്കാക്കടവ് തുരുത്തി മഠത്തിൽ വീട്ടിൽ ടി ആർ മണിയാണ് കഞ്ചാവുമായി പിടിയിലായത്. ആറര കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പ്രതിയെ അറസ്റ്റ് ചെയ്ത് എൻഡിപിഎസ് കേസെടുത്തു. എക്സൈസ് ഇൻ്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷഷൻ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രസന്നകുമാർ വി വിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതേസമയം, കാസർഗോഡ് കേന്ദ്രീകരിച്ച് ലഹരി കടത്ത് വ്യാപകമാവുകയാണ്. എക്‌സൈസ് പരിശോധനയിലാണ് കാസർഗോഡ് പെർളയിൽ നിന്നും 162 ഗ്രാം എംഡിഎംഎ പിടികൂടിയിട്ട് ഒരു മാസം തികയും മുൻപാണ് മറ്റൊരു വാർത്തയെത്തുന്നത്. എൺമകജെ കണ്ടിഗെ സ്വദേശി അബ്ദുൾ അസീസാണ് എംഡിഎംഎയുമായി പിടിയിലായത്.
വെള്ളിയാഴ്ച രാത്രി ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ബദിയടുക്ക എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അബ്ദുൾ അസീസിന്റെ വീടിനു മുന്നിൽ നിർത്തിയിട്ട കാറിലും ശരീരത്തിലും ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു എംഡിഎംഎ. 162 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്ത പ്രതിയെയും മയക്കുമരുന്നും കസ്റ്റഡിയിലെടുത്ത കാറും ബദിയടുക്ക പൊലീസിന് കൈമാറി.




