ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; കരാറുകാരൻ വി.ഒ സാജന്റെ മൊഴി രേഖപ്പെടുത്തി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ നിർണ്ണായക മൊഴിയെടുക്കലിലേക്ക് കടന്ന് അന്വേഷണ സംഘം. കരാറുകാരൻ വി.ഒ സാജന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. 2007 ലെ വിജിലൻസ് അന്വേഷണം അട്ടിമറിച്ചതിന്റെ ഉൾപ്പടെ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് വി.ഒ സാജൻ പ്രതികരിച്ചു.
ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം നിലച്ച മട്ടിൽ നിന്നപ്പോഴാണ് KSTP പദ്ധതിയുടെ ഉപകരാറുകാരനായ വി.ഒ സാജന്റെ പരാതിയെത്തിയത്. ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ട് ബില്ലുകൾ തടഞ്ഞു വെച്ചുവെന്നു ലീ സീ ബീൻ മരിക്കും മുൻപ് തന്നോട് പറഞ്ഞുവെന്നായിരുന്നു വി.ഒ സാജന്റെ പരാതി. സാജന്റെ പരാതിയിൽ നിയമോപദേശം ലഭിച്ചതോടെ വിജിലൻസ് വീണ്ടും അന്വേഷണം ഊർജിതമാക്കി. തിരുവനന്തപുരം മുട്ടത്തറയിലെ വിജിലൻസ് ഓഫീസിൽ ഇന്ന് കേസിലെ ആദ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മുൻ അന്വേഷണ സംഘം ഗ്യാനേഷ് കുമാർ അനുകൂല മൊഴി മാത്രം
രേഖപ്പെടുത്തി അട്ടിമറിച്ചതാണെന്ന് സാജൻ ആരോപിച്ചു.
ലീ സീ ബീനിനോട് രണ്ടു കോടി കൈക്കൂലി ആവശ്യപ്പെട്ട് ബില്ലുകൾ തടഞ്ഞു വെച്ചുവെന്നാണ് സാജന്റെ മൊഴി. ഇത് മൂലം കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതായി ലീ സീ ബീൻ തന്നോട് പറഞ്ഞിരുന്നുവെന്നും ഇക്കാര്യം മറ്റു ജീവനക്കാർക്കും അറിയാമായിരുന്നുവെന്നും സാജൻ മൊഴി നൽകി. വി.ഒ സാജൻ കൈമാറിയ വിവരങ്ങൾ വിശദമായി പരിശോധിച്ച് മറ്റുള്ളവരുടെ കൂടി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.




