സഹോദരിക്ക് ശബരിമലയിൽ നിന്നുള്ള പ്രസാദം നൽകി മടങ്ങുകയായിരുന്ന ബൈക്ക് യാത്രക്കാരൻ കണ്ണൂരിൽ ലോറിയിടിച്ച് മരിച്ചു

കണ്ണൂർ: ശബരിമല ദർശനം കഴിഞ്ഞ് സഹോദരിക്ക് പ്രസാദവുമായി പോയ യുവാവ് ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. സി.സി.ടി.വി ജോലി ചെയ്യുന്ന തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ടി.പി. സുനീഷ് (40) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെ കുഞ്ഞിമംഗലം താമരക്കുളങ്ങര ഹൈടെക് വർക്ക് ഷോപ്പിന് മുന്നിലെ റോഡിലായിരുന്നു അപകടം.
ശബരിമല ദർശനത്തിന് പോയ സുനീഷ് ഇന്നലെ രാവിലെയാണ് തിരിച്ചെത്തിയത്. ക്ഷേത്ര ദർശനത്തിന്റെ പ്രസാദം വെങ്ങരയിൽ താമസിക്കുന്ന സഹോദരിക്ക് നൽകി തിരിച്ചു വരുമ്പോഴാണ് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ എടാട്ടുനിന്നും ആണ്ടാം കൊവ്വൽ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിടിച്ച് അപകടമുണ്ടായത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരി ഭർത്താവ് വെങ്ങരയിലെ എം.വി. മനോജിന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. ടി. ശശീന്ദ്രൻ – സുശീല ദമ്പതികളുടെ മകനാണ്. സുനിതയാണ് സഹോദരി.



