24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സ്വകാര്യ സ്കൂളുകൾക്ക് നികുതിഭാരം; 3000 സ്കൂളുകൾക്കു ബാധകം, നോട്ടിസ് അയച്ചുതുടങ്ങി
Uncategorized

സ്വകാര്യ സ്കൂളുകൾക്ക് നികുതിഭാരം; 3000 സ്കൂളുകൾക്കു ബാധകം, നോട്ടിസ് അയച്ചുതുടങ്ങി

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി തലം വരെയുള്ള മൂവായിരത്തോളം സ്വകാര്യ, അൺ എയ്ഡഡ് സ്കൂളുകളുടെയും അവയുടെ ഹോസ്റ്റലുകളുടെയും കെട്ടിടങ്ങളെ കെട്ടിട/വസ്തുനികുതിയുടെ (പ്രോപ്പർട്ടി ടാക്സ്) പരിധിയിൽ സർക്കാർ ഉൾപ്പെടുത്തി. ഇത്തരം കെട്ടിടങ്ങളെ വസ്തുനികുതിയുടെ പരിധിയിൽനിന്ന് ഒഴിവാക്കി പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഉണ്ടായിരുന്ന വ്യവസ്ഥകൾ നീക്കിയതോടെയാണിത്.

നിയമങ്ങൾ നേരിട്ടു ഭേദഗതി ചെയ്യാതെ, ബജറ്റിന്റെ ഭാഗമായി പാസാക്കിയ ധനകാര്യ ബില്ലിൽ ഭേദഗതി വ്യവസ്ഥകൾ ഉൾപ്പെടുത്തിയതിനാൽ ഇതു ശ്രദ്ധയിൽപെടാതെ പോയിരുന്നു. ഏപ്രിൽ ഒന്നു മുതൽ പഞ്ചായത്തുകളും നഗരസഭകളും കുടിശിക സഹിതം നികുതി അടയ്ക്കണമെന്നു കാണിച്ച് സ്കൂൾ അധികൃതർക്കു നോട്ടിസ് അയച്ചു തുടങ്ങിയതോടെ മാനേജ്മെന്റുകൾ പരിഭ്രാന്തിയിലായി. വൻതോതിൽ വസ്തുനികുതി അടയ്ക്കേണ്ടി വന്നാൽ അതിന്റെ ഭാരം സ്വാഭാവികമായി സ്കൂൾ ഫീസിൽ പ്രതിഫലിക്കും.

കേരള സിലബസിലെ ആയിരത്തി അഞ്ഞൂറിലേറെ വരുന്ന അൺ എയ്ഡഡ് സ്കൂളുകൾ, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് പിന്തുടരുന്ന ആയിരത്തി അഞ്ഞൂറോളം സ്വകാര്യ മാനേജ്മെന്റ് സ്കൂളുകൾ എന്നിവ വസ്തുനികുതിയുടെ പരിധിയിൽ വരും.

തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം സിബിഎസ്ഇ സ്കൂൾ മാനേജർമാരുടെ സംഘടന തദ്ദേശ വകുപ്പ് മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ശ്രദ്ധയിൽപെടുത്തിയെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. നിയമസഭയിൽ പാസാക്കിയ ഭേദഗതി ആയതിനാൽ റദ്ദാക്കുക എളുപ്പവുമല്ല.

വ്യവസ്ഥകൾ മാറ്റിയത് ഇങ്ങനെ

∙ 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 207–ാം വകുപ്പിലും 1994 ലെ മുനിസിപ്പാലിറ്റി നിയമത്തിലെ 235–ാം വകുപ്പിലും ഉണ്ടായിരുന്ന ബിഎ എന്ന ഉപവകുപ്പ് നീക്കം ചെയ്തു.

∙ സർക്കാർ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള, ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂളുകൾ വിദ്യാഭ്യാസ ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്കും വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലുകൾക്കും വസ്തുനികുതി ഒഴിവാക്കുന്നതായിരുന്നു ബിഎ ഉപവകുപ്പിലെ വ്യവസ്ഥ.

∙ ഇനി, സർക്കാർ/എയ്ഡഡ് സ്കൂളുകൾക്കും കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഹോസ്റ്റലുകൾക്കും മാത്രമേ ആനുകൂല്യം ലഭിക്കൂ.

വലുപ്പമനുസരിച്ച് നികുതി ലക്ഷങ്ങൾ

സ്കൂൾ കെട്ടിടങ്ങൾക്കു പഴക്കവും വിസ്തീർണവും കണക്കാക്കിയാകും നികുതി. പ്രൈമറി സ്കൂൾ കെട്ടിടങ്ങൾ 50,000 രൂപ മുതൽ നികുതി നൽകേണ്ടി വരും. ഏറെ പഴക്കമില്ലാത്ത, മൂന്നോ നാലോ ഡിവിഷനുകളുള്ള പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെ ഉള്ള സ്കൂളുകൾക്ക് 4 ലക്ഷം രൂപയെങ്കിലും ചുരുങ്ങിയതു നൽകേണ്ടി വരും. സർക്കാർ അഫിലിയേഷൻ വർഷം തോറും പുതുക്കേണ്ടതിനാൽ തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിവിധ രേഖകൾ സ്കൂളുകൾക്ക് ആവശ്യമാണ്. നികുതി അടയ്ക്കാതിരുന്നാൽ ഇത്തരം നടപടികൾ വൈകിപ്പിച്ച് സ്കൂൾ അധികൃതരെ സമ്മർദത്തിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കഴിയും.

Related posts

കാണാം ഇനി ക്രൂയിസറിൽ.*

Aswathi Kottiyoor

കാനഡയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണി; വീസ നടപടികൾ നിർത്തിവച്ചത് അതുകൊണ്ട്’

Aswathi Kottiyoor

ഇരിട്ടി ശക്തി ഹാര്‍ഡ് വേഴ്‌സ് ഉടമ കെ.അബ്ദുല്‍ ലത്തീഫ് ഹാജി അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox