ന്യൂഡല്‍ഹി: ഹോട്ടല്‍മുറിയില്‍ 54-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ്. ഗാസിയാബാദ് ഇന്ദിരാപുരം സ്വദേശിയും വ്യാപാരിയുമായ ദീപക് സേഥിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഹരിയാണ പാനിപത്ത് സ്വദേശിയായ ഉഷ(29)യെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ യുവതി ഹണിട്രാപ്പ് സംഘത്തിന്റെ ഭാഗമാണെന്നും ഒട്ടേറെപേരെ ഹണിട്രാപ്പില്‍ കുടുക്കി കൊള്ളയടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.മാര്‍ച്ച് 31-ാം തീയതിയാണ് ദീപക് സേഥിയെ സഫ്ദര്‍ജങ് എന്‍ക്ലേവിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. വായില്‍നിന്ന് നുരയും പതയുംവന്നനിലയിലായിരുന്നു മൃതദേഹം. 30-ാം തീയതി രാത്രിയാണ് ദീപക് സേഥി ഹോട്ടലില്‍ മുറിയെടുത്തത്. ഒപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. എന്നാല്‍ അര്‍ധരാത്രിയോടെ യുവതി ഹോട്ടലില്‍നിന്ന് മടങ്ങി. പിറ്റേദിവസം ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ അടിമുടി ദുരൂഹതയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷമാണ് നടത്തിയത്. ആദ്യഘട്ടത്തില്‍ അമിതമായ അളവില്‍ മയക്കുമരുന്ന് ഉള്ളില്‍ച്ചെന്നാകാം ദീപക് സേഥി മരിച്ചതെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതിനിടെ, ഹോട്ടലിലെത്തിയ യുവതിയെ കണ്ടെത്താനായി വ്യാപകമായ തിരച്ചിലും നടത്തിയിരുന്നു. തുടര്‍ന്ന് യുവതി ഹോട്ടലില്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വ്യാപാരികള്‍ അടക്കമുള്ളവരെ ഹണിട്രാപ്പില്‍ കുടുക്കി ഇവരുടെ പണവും കൈവശമുള്ള വിലപ്പിടിപ്പുള്ള വസ്തുക്കളും കവരുന്നതാണ് ഉഷയുടെ പതിവുരീതിയെന്നാണ് പോലീസ് പറയുന്നത്. അഞ്ജലി, നിക്കി, നികിത തുടങ്ങിയ പേരുകളിലാണ് യുവതി മറ്റുള്ളവരുമായി അടുപ്പം സ്ഥാപിക്കുന്നത്. തുടര്‍ന്ന് ഇവരെക്കൊണ്ട് ഏതെങ്കിലും ഹോട്ടലില്‍ മുറിയെടുപ്പിക്കും. ഇതിനുപിന്നാലെ മയക്കുമരുന്ന് നല്‍കിയശേഷം ഇവരെ കൊള്ളയടിച്ച് മുറിയില്‍നിന്ന് രക്ഷപ്പെടുകയാണ് യുവതി ചെയ്തിരുന്നതെന്നും പോലീസ് പറയുന്നു