Uncategorized

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവർ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ എന്ന് ചോദിച്ച കോടതി, വെള്ളിയാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്ത് അറിയിക്കണമെന്ന് സർക്കാറിന് നിർദ്ദേശം നൽകി. “കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഇങ്ങനെ തെക്കും വടക്കും അടിക്കും” എന്ന രൂക്ഷ പരാമര്‍ശവും കോടതി നടത്തി. ഒരു തെറ്റ് സംഭവിക്കാമെന്നും എന്നാല്‍ തുടര്‍ച്ചയായി തെറ്റുകള്‍ സംഭവിക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ അനുമതി വൈകിപ്പിക്കുന്നത് മനഃപൂര്‍വമാണെന്നും കോടതി വിമര്‍ശിച്ചു. അടുത്ത വെള്ളിയാഴ്ചയ്ക്കകം അനുമതിയില്‍ തീരുമാനം ഉണ്ടായില്ലെങ്കിൽ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

നേരത്തെയും കേസ് അന്വേഷണം വൈകുന്നതിൽ ജസ്റ്റിസ് ബദറുദ്ദീൻ അദ്ധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ് എൻ ഡി ജി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button