29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • തീവെപ്പ്: സ്ഥിതിഗതികള്‍ നിരീക്ഷിച്ച് കേന്ദ്രം, RPF റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി.*
Uncategorized

തീവെപ്പ്: സ്ഥിതിഗതികള്‍ നിരീക്ഷിച്ച് കേന്ദ്രം, RPF റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി.*


ന്യൂഡല്‍ഹി: ട്രെയിനില്‍ തീക്കൊളുത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രം. അട്ടിമറി സാധ്യത അന്വേഷിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ റെയില്‍വേ മന്ത്രാലയം ഇതിനോടകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാധ്യമവാര്‍ത്തകളിലൂടെയും ദക്ഷിണ റെയില്‍വേയില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരങ്ങളും മാത്രമാണ് നിലവില്‍ റെയില്‍വേ മന്ത്രാലയത്തിന്റെ മുന്നിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് മന്ത്രാലയം തയ്യാറായിട്ടില്ല. എന്നാല്‍, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതാണ് എന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.അട്ടിമറി സാധ്യത ഉള്‍പ്പെടെ പരിശോധിക്കേണ്ടതുണ്ട്. ആവശ്യമെങ്കില്‍ ചെന്നൈയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തും. കേരളാ പോലീസിന്റെ അന്വേഷണത്തിന് എല്ലാസഹായങ്ങളും നല്‍കുമെന്നും മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയവും സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇതിനോടകം വിവരശേഖരണം നടത്തിയിട്ടുണ്ട്. എന്നാല്‍, സംഭവത്തിന് പിന്നില്‍ ഏതെങ്കിലും തീവ്രവാദ സംഘടനകളുള്‍പ്പെടെയാണോയെന്നതില്‍ പ്രതികരിക്കാനുള്ള സമയമായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നു. വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ ആഭ്യന്തരമന്ത്രാലയം പരസ്യപ്രതികരണത്തിന് തയ്യാറാവുകയുള്ളൂവെന്നാണ് സൂചന.

തീവ്രവാദ ബന്ധം സ്ഥിരീകരിക്കുകയാണെങ്കില്‍ അന്വേഷണം എന്‍.ഐ.എ. അടക്കമുള്ള എതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് കൈമാറുന്നത് പരിഗണിക്കേണ്ടിവരും. എന്നാല്‍, നിലവില്‍ അത്തരമൊരു നിഗമനത്തിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എത്തിച്ചേര്‍ന്നിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടും ലഭിച്ചാലേ ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്തിമ തീരുമാനത്തില്‍ എത്തുകയുള്ളൂ.

Related posts

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം

Aswathi Kottiyoor

യുപിയിൽ വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; 55 കാരൻ കൊല്ലപ്പെട്ടു

Aswathi Kottiyoor

ഗർഭിണിയായ വിദ്യാർഥിനി പീഡനത്തിനിരയായി അവശ നിലയിൽ; മലപ്പുറം സ്വദേശിക്കായി തിരച്ചിൽ.*

Aswathi Kottiyoor
WordPress Image Lightbox