• Home
  • Uncategorized
  • മുഖ്യമന്ത്രിക്ക് എതിരായ കേസിൽ ലോകായുക്ത വിധി അൽപസമയത്തിനുള്ളിൽ; നിർണായകം
Uncategorized

മുഖ്യമന്ത്രിക്ക് എതിരായ കേസിൽ ലോകായുക്ത വിധി അൽപസമയത്തിനുള്ളിൽ; നിർണായകം

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാർക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയുള്ള ഹർജിയിൽ ലോകായുക്ത അൽപസമയത്തിനുള്ളിൽ വിധി പറയും. ഇവരിൽ ഇപ്പോൾ അധികാരസ്ഥാനത്തുള്ളതു പിണറായി മാത്രമായതിനാൽ അദ്ദേഹത്തെ സംബന്ധിച്ചു നിർണായകമാണു വിധി. ലോകായുക്ത പരാമർശത്തെ തുടർന്നാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെ.ടി.ജലീലിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത സാഹചര്യത്തിൽ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണം എന്നുമാണു കേരള സർവകലാശാലാ മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ബില്ലിൽ ഗവർണർ ഒപ്പു വയ്ക്കാത്ത സാഹചര്യത്തിൽ വിധി വന്നാൽ അത് ഉടനടി നടപ്പാക്കേണ്ടി വരും. വാദം പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ ഹൈക്കോടതി നിർദേശ പ്രകാരം ഹർജിക്കാരൻ ലോകായുക്തയിൽ പരാതി നൽകിയിരുന്നു.

‘ദുർവിനിയോഗം’ ഇതൊക്കെ

∙ എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം രൂപ നൽകി.

∙ പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസി.എൻജിനീയർ ആയി ജോലി നൽകിയതിനു പുറമേ ഭാര്യയുടെ സ്വർണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പയ്ക്കുമായി എട്ടര ലക്ഷം രൂപ നൽകി.

∙ കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ടു മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്കു സർക്കാർ ഉദ്യോഗത്തിനു പുറമെ 20 ലക്ഷം രൂപ നൽകി.

2022 ഫെബ്രുവരി 5ന് ലോകായുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ആറു മാസത്തിനുള്ളിൽ ഹർജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാൻ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

ലോകായുക്തയിൽ കേസിന്റെ വാദം നടക്കുന്നതിനിടെ, ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ കഴിയുന്നതാണ് ലോകായുക്തയുടെ 14–ാം വകുപ്പ്. ലോകായുക്തയുടെ റിപ്പോർട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിൽ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്. ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതോടെ പഴയ നിയമമാണ് നിലനിൽക്കുന്നത്.

Related posts

അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവൻ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്

Aswathi Kottiyoor

രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികൾ 15 ആയി, ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്

Aswathi Kottiyoor

മകളോടൊപ്പം നീന്തുന്നതിനിടെ സ്രാവ് കടിച്ചു കീറി, 26കാരിക്ക് ദാരുണാന്ത്യം, ജീവൻ നഷ്ടപ്പെടുത്തി മകളെ രക്ഷിച്ചു

Aswathi Kottiyoor
WordPress Image Lightbox