Uncategorized

പെരിയ കേസ് പ്രതികൾക്ക് തിരിച്ചടി: പരോൾ നൽകാത്തതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികൾക്ക് തിരിച്ചടി. പരോൾ നൽകാത്തതിനെതിരെ പ്രതികൾ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി. പ്രതികളായ ജിജിൻ, സുബീഷ് എന്നിവരുടെ അമ്മമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഹൈക്കോടതിയുടെ വിധിയുണ്ടായിട്ടും കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ പരോൾ നിഷേധിച്ചുവെന്നായിരുന്നു ഹർജിക്കാരുടെ വാ​ദം.

പ്രതികൾ മുൻപ് പരോളിൽ ഇറങ്ങിയപ്പോൾ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നമുണ്ടായി എന്ന് ഹർജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. പ്രതികൾക്ക് പരോൾ നൽകിയാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടുണ്ട്. ക്രമസമാധാന പ്രശ്‌നം മുൻനിർത്തിയാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ പ്രതികൾക്ക് പരോൾ നിഷേധിച്ചതെന്നും കോടതിയുടെ നിരീക്ഷണം.ക്രമസമാധാന പ്രശ്‌നം മുൻനിർത്തി പരോൾ നിഷേധിക്കുന്നത് നിയമവിരുദ്ധമല്ലെന്നും പരോൾ നിഷേധിച്ചതിൽ കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർക്ക് വീഴ്ചയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവശേിക്കരുതെന്നും ഒരു സമയം ഒന്നിലധികം പ്രതികൾക്ക് പരേൾ നൽകരുതെന്നും നേരത്തെ ഇവർക്ക് പരോൾ അനുവദിച്ചപ്പോൾ ജയിൽ അധികൃതർ നിബന്ധന വെച്ചിരുന്നു. ഈ നിബന്ധനകൾ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. നേരത്തെ പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ട പരോൾ നൽകിയത് വിവാദമായിരുന്നു. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കായിരുന്നു പരോൾ ലഭിച്ചത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികൾക്കും പരോളിനുള്ള നടപടികൾ പൂർത്തിയാക്കിയത്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് പ്രതികൾക്ക് പരോൾ നൽകിയതെന്നും എൽഡിഎഫ് സർക്കാർ ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്നും കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ കുറ്റപ്പെടുത്തിയിരുന്നു. പ്രതികൾക്ക് പരോൾ നൽകിയ സംഭവത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് തേടിയിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ സിപിഐഎമ്മുകാരായ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് എറണാകുളം സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. മുൻ എംഎൽഎയും സിപിഐഎം നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വർഷം തടവും വിധിച്ചു. ഒന്നാം പ്രതിയും സിപിഐഎം പെരിയ ലോക്കൽ കമ്മറ്റി മുൻ അംഗവുമായ എ പീതാംബരൻ, രണ്ടാം പ്രതി സജി സി ജോർജ്, മൂന്നാം പ്രതി കെ എം സുരേഷ്, നാലാം പ്രതി കെ അനിൽ കുമാ‍ർ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി ആർ ശ്രീരാഗ് (കുട്ടു), ഏഴാം പ്രതി എ അശ്വിൻ (അപ്പു ), എട്ടാം പ്രതി സുബീഷ് (മണി), പത്താം പ്രതി രഞ്ജിത് ടി, പതിനഞ്ചാം പ്രതി വിഷ്ണു സുര ( എ സുരേന്ദ്രൻ) എന്നിവർക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുൻ എംഎൽഎയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അം​ഗവുമായ കെ വി കുഞ്ഞിരാമൻ, സിപിഐഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ, സിപിഐഎം പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവർക്ക് അഞ്ച് വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

2019 ഫെബ്രുവരി 17നായിരുന്നു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കാസർകോട് പെരിയിൽ കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി പ്രതികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാൽ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോൾ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button