അയൽവാസിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന രീതിയിൽ CCTV ക്യാമറകൾ സ്ഥാപിക്കാൻ പാടില്ല: അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: അയൽവാസിയുടെ സ്വകാര്യതയെ ബാധിക്കുന്ന രീതിയിൽ സ്വകാര്യ സിസിടിവി ക്യാമറ സ്ഥാപിക്കാൻ പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് അജിത് കുമാർ, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. അയൽക്കാരന്റെ വീടിന്റെ പരിസരം ഇത്തരത്തിൽ നിരീക്ഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി വ്യക്തമാക്കി.യോഗേന്ദ്ര മൗര്യ എന്നയാൾ നൽകിയ റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. തന്റെ അയൽവാസി സ്ഥാപിച്ച സി.സി.ടി.വി ക്യാമറ തന്റെ വീടിന്റെ പ്രവേശന കവാടവും മറ്റുഭാഗങ്ങളും കാണുന്ന രീതിയിലാണ്. വീട്ടിലേക്ക് വരുന്നവരുടെയും അവിടെനിന്ന് പോകുന്നവരുടെയും സ്വകാര്യതയെ അത് ഹനിക്കുന്നുവെന്നും ഹർജിയിൽ ആരോപിച്ചു. ഇത് തന്റെ സ്വകാര്യതയുടെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു.അയൽവാസിയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ ഒരു സിസിടിവി ക്യാമറയും സ്ഥാപിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഹർജിക്കാരൻ ഉന്നയിച്ച സി.സി.ടി.വി ക്യാമറ എടുത്തുമാറ്റാൻ കോടതി യാതൊരു ഉത്തരവും നൽകിയില്ല. പകരം, പരിഹാരത്തിനായി ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് (ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്) അപേക്ഷ നൽകാൻ ഹർജിക്കാരന് നിർദ്ദേശം നൽകിക്കൊണ്ട് കോടതി ഹർജി തീർപ്പാക്കുകയാണുണ്ടായത്.
സിസിടിവി ക്യാമറ മാറ്റുന്നതിനായി ഇത്തരത്തിലുള്ള അപേക്ഷ നൽകുകയാണെങ്കിൽ, ജില്ലാ മജിസ്ട്രേറ്റ് അത് പരിഗണിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ബെഞ്ച് ഉത്തരവിടുകയുണ്ടായി.




