പുതുക്കാട് പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി, പശുവിനെ കൊന്നു; നാട്ടുകാർ ഭീതിയിൽ

തൃശൂര്‍: പുതുക്കാട് പാലപ്പിള്ളി കുണ്ടായിയില്‍ പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളിയായ വരന്തരപ്പിള്ളി മുന്‍ പഞ്ചായത്ത് അംഗം ഷീല ശിവരാമന്റെ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് പശുവിനെ ചത്ത നിലയില്‍ കണ്ടത്.
തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്ക് സമീപത്താണ് പുലിയിറങ്ങിയത്. പശുവിന്റെ ശരീരഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയിലാണ്. നാല് ദിവസം മുന്‍പ് ഇതേ സ്ഥലത്ത് പുലിയിറങ്ങി നായയെ കൊന്നിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഷീലയുടെ തൊഴുത്തില്‍ കെട്ടിയ പശുവിനെ പുലി ആക്രമിച്ചിരുന്നു. നാലാം തവണയാണ് ഇവരുടെ വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിക്കുന്നത്. മാസങ്ങളായി പുലി ശല്യത്താല്‍ ഭീതിയിലാണ് പ്രദേശവാസികള്‍.
പശുക്കളെയും വളര്‍ത്തുനായ്ക്കളെയും പുലി ആക്രമിച്ച് കൊല്ലുന്നത് പതിവായതോടെ നാട്ടുകാരുടെ പരാതിയില്‍ ചക്കിപ്പറമ്പ് ആദിവാസി ഉന്നതിക്ക് സമീത്ത് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിരുന്നു. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് പുലിയുടെ ആക്രമണം വീണ്ടും ഉണ്ടായത്. ജനവാസ മേഖലയില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്.




