രാജ്യാന്തര പ്രാധാന്യമുള്ള തണ്ണീർത്തടാകങ്ങളുടെ പട്ടികയിൽപെടുന്ന (റാംസർ സൈറ്റ്) അഷ്ടമുടി, വേമ്പനാട് കായലുകളിൽനിന്ന് കഴിഞ്ഞ 3 വർഷത്തിനിടെ 38.62 ലക്ഷം കിലോഗ്രാം മാലിന്യം ശേഖരിച്ചെന്ന് സംസ്ഥാന സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. ക്ലീൻ കേരള കമ്പനി മുഖേന ശേഖരിച്ച മാലിന്യത്തിന്റെ കണക്കാണ് അഡീഷനൽ ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിലുള്ളത്. വേമ്പനാട് കായലിൽനിന്ന് 28.85 ലക്ഷം കിലോയും അഷ്ടമുടിയിൽനിന്ന് 9.77 ലക്ഷം കിലോയും മാലിന്യമാണു ശേഖരിച്ചത്.കെ.വി.കൃഷ്ണദാസ് നൽകിയ ഹർജിയിൽ, കായലുകളിലെ ഗുരുതര മാലിന്യപ്രശ്നം പരിഹരിക്കാനുള്ള ഉത്തരവു പാലിക്കാത്തതിനു പരിസ്ഥിതി വകുപ്പിനെ ട്രൈബ്യൂണൽ നേരത്തേ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് ഇന്നലെ സർക്കാർ റിപ്പോർട്ട് നൽകി.
കായലുകളിലെ അനധികൃത ഹൗസ് ബോട്ടുകൾ കണ്ടെത്താൻ നടപടി സ്വീകരിക്കുന്നതായി സർക്കാർ അറിയിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലായി 821 ഹൗസ് ബോട്ടുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. മാലിന്യം തള്ളിയതിനു വ്യാപാരസ്ഥാപനങ്ങൾക്കും മറ്റുമായി തദ്ദേശസ്ഥാപനങ്ങൾ 1.74 കോടി രൂപ പിഴയിട്ടു. കായൽ പരിസരത്തെ 1939 അനധികൃത കെട്ടിടങ്ങൾ അടപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്.