29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • സുപ്രീംകോടതിയെ സമീപിക്കാൻ 10 ദിവസം; രാജയെ അയോഗ്യനാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ
Uncategorized

സുപ്രീംകോടതിയെ സമീപിക്കാൻ 10 ദിവസം; രാജയെ അയോഗ്യനാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ


കൊച്ചി ∙ സിപിഎം എംഎൽഎ എ.രാജയുടെ തിരഞ്ഞെടുപ്പു വിജയം റദ്ദാക്കിയ വിധിക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സ്റ്റേയാണ് അനുവദിച്ചത്. നേരത്തെ, പട്ടികജാതി സംവരണ മണ്ഡലമായ ഇടുക്കി ദേവികുളത്തു മത്സരിക്കാൻ രാജയ്ക്കു യോഗ്യതയില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.സോമരാജൻ അദ്ദേഹത്തെ അയോഗ്യനാക്കിയത്. രാജ അവകാശപ്പെടുന്നതുപോലെ അദ്ദേഹം ഹിന്ദു പറയർ സമുദായാംഗമല്ലെന്നും നാമനിർദേശ പത്രിക നൽകുമ്പോൾ ക്രിസ്തുമതത്തിലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സത്യം മറച്ചുവയ്ക്കാൻ ബോധപൂർവമായ ശ്രമമുണ്ടായി. പത്രിക റിട്ടേണിങ് ഓഫിസർ തള്ളണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണു രാജ മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി കോൺഗ്രസിലെ ഡി.കുമാർ നൽകിയ ഹർജിയിലാണു വിധി.

വിധിക്കെതിരെ എത്രയും വേഗം സുപ്രീം കോടതിയെ സമീപിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എ.രാജയ്ക്കു നിർദേശം നൽകിയിരുന്നു. തന്റെ വാദങ്ങൾ പൂർണമായി കേൾക്കാതെയുള്ള വിധിയാണെന്നും അപ്പീൽ നൽകുമെന്നും രാജയും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയിൽനിന്ന് ഇളവു ലഭിക്കുന്നതു വരെ എ.രാജയ്ക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനാവില്ല. ഇന്നലെ വിധി വന്നയുടൻ സഭയിൽനിന്നു രാജ പുറത്തുപോയി. സുപ്രീം കോടതിയിൽനിന്നു സ്റ്റേ ലഭിച്ചാലും സഭയിൽ വോട്ട് ചെയ്യാനും ശമ്പളം വാങ്ങാനും അനുവാദം ലഭിച്ചേക്കില്ല. സഭയിൽ ഹാജരായി ഒപ്പിടാനും പ്രസംഗിക്കാനും അനുവദിച്ചേക്കും. നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് അയോഗ്യത. എങ്കിലും ഇതുവരെ കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാനിടയില്ല.

ദേവികുളം തഹസിൽദാർ നൽകിയ ജാതി സർട്ടിഫിക്കറ്റാണ് രാജ നാമനിർദേശ പത്രികയോടൊപ്പം നൽകിയത്. രാജയുടെ പിതാവിന്റെ മാതാപിതാക്കൾ തമിഴ്നാട്ടിലെ ഹിന്ദു പറയർ വിഭാഗക്കാരായിരുന്നു. ഇടുക്കി കുണ്ടള എസ്റ്റേറ്റിലെ ജോലിക്കുവേണ്ടി കുടിയേറുകയായിരുന്നു. കേരളത്തിലെപ്പോലെ, തമിഴ്‌നാട്ടിലും ഹിന്ദു പറയർ പട്ടികജാതി വിഭാഗത്തിലാണ്. അതിനാൽ ദേവികുളത്തു മത്സരിക്കാൻ തനിക്കു യോഗ്യതയുണ്ടെന്നായിരുന്നു രാജയുടെ വാദം.

എന്നാൽ, ഒരു സംസ്ഥാനത്ത് സംവരണമുണ്ടെന്ന കാരണത്താൽ മറ്റൊരു സംസ്ഥാനത്ത് സംവരണം അവകാശപ്പെടാനാവില്ലെന്നു കോടതി വിലയിരുത്തി. കൂടാതെ, ക്രൈസ്തവനല്ലെന്നു തെളിയിക്കാൻ കുണ്ടള സിഎസ്ഐ പള്ളിയിലെ കുടുംബ റജിസ്റ്ററിൽ ഉൾപ്പെടെ തിരുത്തൽ വരുത്തി വ്യാജരേഖ ചമയ്ക്കാൻ ശ്രമം നടത്തിയതായി വ്യക്തമാണെന്നും കോടതി പറഞ്ഞു. വിവാഹത്തെക്കുറിച്ചും വിവാഹച്ചടങ്ങിനെക്കുറിച്ചുമുള്ള ചോദ്യങ്ങളിൽനിന്നു രാജ ഒഴിഞ്ഞുമാറിയിരുന്നു.

Related posts

പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളുടെ ഫ്ലാറ്റില്‍ തീപിടിത്തം; മകൻ പൊലീസ് കസ്റ്റഡിയിൽ

Aswathi Kottiyoor

കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസ്സോസിയേഷൻ പ്രവർത്തക സംഗമം 24 ന്

Aswathi Kottiyoor

ആരോഗ്യപ്രവര്‍ത്തകരെ അധിക്ഷേപിച്ച് സംസാരിച്ചാലും ശിക്ഷ;ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox