24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പെൻഷൻ തുക നിക്ഷേപമൂല്യത്തിന്റെ പലിശ പോലുമില്ല; പിഎഫ് പെൻഷനിൽ നഷ്ടക്കളി.*
Uncategorized

പെൻഷൻ തുക നിക്ഷേപമൂല്യത്തിന്റെ പലിശ പോലുമില്ല; പിഎഫ് പെൻഷനിൽ നഷ്ടക്കളി.*


കോഴിക്കോട് ∙ ശമ്പളത്തിന് ആനുപാതികമായല്ലാതെ ഇപിഎഫ്ഒ നൽകിക്കൊണ്ടിരിക്കുന്ന പെൻഷൻ എല്ലാ വരിക്കാർക്കും നൽകുന്നതു കനത്ത നഷ്ടം. പിടിക്കുന്ന തുകയുടെ പലിശ പോലും പെൻഷനായി ലഭിക്കില്ലെന്നു മാത്രമല്ല, നിക്ഷേപിച്ച തുക തിരികെ കിട്ടുകയുമില്ല. ഇതിലൂടെ ഇപിഎഫ്ഒ ഉണ്ടാക്കുന്നതു കൊള്ളലാഭം.സുപ്രീം കോടതി വിധി പ്രകാരം കുറച്ചുപേർ ഉയർന്ന പെൻഷന് അർഹത നേടുമ്പോഴും ഇപിഎസ് പദ്ധതിക്കു കീഴിലെ ഭൂരിഭാഗം വരിക്കാരും അന്യായമായ ഈ പെ‍ൻഷൻ പദ്ധതിയിൽ തുടരുകയാണ്. തൊഴിലുടമ ഉയർന്ന വിഹിതം അടയ്ക്കാത്തതുമൂലം ഉയർന്ന പെൻഷൻ പദ്ധതിയിൽ ചേരാനാവാത്ത കോടിക്കണക്കിനു പിഎഫ് വരിക്കാരുണ്ട്. ചില വൻകിട ഐടി കമ്പനികളിലെ ജീവനക്കാരടക്കം ഇതിൽപ്പെടും.

ശമ്പളം എത്ര ഉയർന്നതാണെങ്കിലും ഇപിഎഫ്ഒ നിശ്ചയിച്ച തുച്ഛമായ ശമ്പളപരിധിക്കു മാത്രമേ പെൻഷൻ ലഭിക്കുകയുള്ളൂ. പദ്ധതി ആരംഭിച്ച 1995 നവംബർ മുതൽ 5,000 രൂപയും 2001 ജൂൺ മുതൽ 6,500 രൂപയും 2014 സെപ്റ്റംബർ മുതൽ 15,000 രൂപയുമായിരുന്നു പരിധി. ഈ തുകയ്ക്കു തൊഴിലുടമ അടയ്ക്കുന്ന പിഎഫ് വിഹിതത്തിന്റെ 8.33 ശതമാനമാണു പെൻഷൻ ഫണ്ടിലേക്കു മാറ്റുന്നത്. ഈ തുക ഉപയോഗിച്ചാണു പെൻഷൻ നൽകുന്നത്.

സർവീസ് 29 വർഷം; പെൻഷൻ 3718 രൂപ

പെൻഷൻ പദ്ധതി ഇല്ലായിരുന്നെങ്കിൽ കിട്ടുന്നത് 8.20 ലക്ഷം.; ഇതിന്റെ പ്രതിമാസ പലിശ 5,467

പെൻഷൻ പദ്ധതി തുടങ്ങിയ 1995 നവംബർ 16 മുതൽ സർവീസിലുണ്ടായിരുന്നയാൾ 2022 ഡിസംബറിൽ‌ വിരമിച്ചുവെങ്കിൽ എങ്ങനെയാകും കണക്കുകളെന്നു നോക്കാം. സേവനകാലാവധി 27 വർഷം ഒന്നര മാസം. 20 വർഷം പൂർ‌ത്തിയാക്കിയവർക്കു 2 വർഷ വെയ്റ്റേജ് കൂടി ലഭിക്കും.പെൻഷൻ ഫണ്ടിലേക്കു 2022 ഡിസംബർ വരെ ചെന്ന തുക 2,38,958 രൂപ. പിഎഫ് തുകയ്ക്കു പലിശ കണക്കാക്കുന്നതു പോലെ പെൻഷൻ ഫണ്ട് വിഹിതത്തിനു പലിശ വരവു വയ്ക്കാറില്ല. എന്നാൽ, ഈ തുക പെൻഷൻ പദ്ധതിയിലേക്കു മാറ്റാതെ പിഎഫ് അക്കൗണ്ടിൽതന്നെ തുടർന്നിരുന്നു എങ്കിൽ അതതു കാലത്തെ പിഎഫ് പലിശ നിരക്കു പ്രകാരം കൂട്ടുമ്പോൾ നിക്ഷേപമൂല്യം 2022 ഡിസംബറിൽ 7,22,000 രൂപയ്ക്കു മുകളിലാകും. കേന്ദ്രവിഹിതമായ 33,211 രൂപ പിഎഫ് പലിശ കൂട്ടുമ്പോൾ 98,000 രൂപയോളമാകും. ആകെ 8.20 ലക്ഷം.ഈ തുക 8% പലിശയ്ക്ക് ബാങ്കിൽ നിക്ഷേപിച്ചാൽ പോലും 5,467 രൂപ പലിശ ലഭിക്കും. നിക്ഷേപത്തുക ഭദ്രമായിരിക്കുകയും ചെയ്യും. അതേസമയം, ഇതേ വ്യക്തിക്ക് ഇപിഎഫ്ഒയിൽനിന്നു ലഭിക്കുന്ന പെൻഷൻ വെറും 3718 രൂപ. പ്രതിമാസം 1749 രൂപ നഷ്ടമെന്നു മാത്രമല്ല നിക്ഷേപത്തുക തിരിച്ചു കിട്ടുകയുമില്ല.

വിരമിച്ചവരിൽ ചിലർക്കു നിലവിൽ ഇതിനു മുകളിൽ പെൻഷൻ ലഭിക്കുന്നത് 1995ലെ പെൻഷൻ‌ പദ്ധതി വരുന്നതിനു മുൻപുണ്ടായിരുന്ന ഫാമിലി പെൻഷൻ പദ്ധതിയിലും അംഗമായിരുന്നതുകൊണ്ടു ലഭിക്കുന്ന ചെറിയ തുക കൂടി ചേർക്കുന്നതിനാലാണ്.

2014 സെപ്റ്റംബറിനു തൊട്ടു മുൻപു വിരമിച്ചവരുടെ കണക്കെടുത്താലും പെൻഷൻ നഷ്ടം തന്നെ. 3 ലക്ഷം രൂപയോളമുള്ള നിക്ഷേപ മൂല്യത്തിന് 1744 രൂപ മാത്രമാണ് പിഎഫ് പെൻഷൻ ലഭിക്കുക.

Related posts

പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളുടെ ഫ്ലാറ്റില്‍ തീപിടിത്തം; മകൻ പൊലീസ് കസ്റ്റഡിയിൽ

Aswathi Kottiyoor

‘ക്യൂബ സന്ദർശനം രാഷ്ട്രീയ തീർത്ഥാടനം’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

Aswathi Kottiyoor

പൊലീസില്‍ വീണ്ടും ആത്മഹത്യ; തിരുവനന്തപുരത്ത് ജനമൈത്രി ബീറ്റ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍

Aswathi Kottiyoor
WordPress Image Lightbox