കൊച്ചി∙ ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിന് തീപിടിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും 75 ഏക്കറില്‍ കുമിഞ്ഞ് കിടക്കുന്ന ലെഗസി വേസ്റ്റ് എന്തു ചെയ്യുമെന്ന ചോദ്യത്തിന് സര്‍ക്കാരിന് ഉത്തരമില്ല. വേനല്‍ച്ചൂട് കൂടുമ്പോള്‍ വീണ്ടും തീപിടിത്ത സാധ്യത തള്ളിക്കളയാനാകില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. ബ്രഹ്മപുരത്തെ ലെഗസി വേസ്റ്റ് സംസ്കരണത്തിന്റെ ചുമതലയുള്ള ദുരന്ത നിവാരണ വകുപ്പിനു തന്നെയാണ് മറ്റൊരു ദുരന്തത്തില്‍ നിന്ന് കൊച്ചിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തവും.
മാര്‍ച്ച് രണ്ടിന് ഉച്ച കഴിഞ്ഞ് കത്തിപിടിച്ച ബ്രഹ്മപുരത്തെ മാലിന്യ മലകളിലെ തീയും പുകയും പൂര്‍ണമായും ഇല്ലാതായത് 12 ദിവസം നീണ്ട യത്നത്തിനൊടുവിലാണ്. മറ്റൊരു തീപിടിത്തം സംഭവിക്കാതെ നോക്കാന്‍ ഇപ്പോള്‍ ഇവിടുള്ളത് രണ്ട് ഫയര്‍ ടെന്‍ഡറുകളാണ്. 75 ഏക്കറിലായി പരന്നു കിടക്കുന്ന അഞ്ചര ലക്ഷം ടണ്‍ ലെഗസി വേസ്റ്റ് യുദ്ധകാലാടിസ്ഥാനത്തില്‍ ബയോമൈനിങ് നടത്തിയില്ലെങ്കില്‍ ഈ വേനല്‍ക്കാലം കൊച്ചിക്ക് കാത്തുവച്ചിരിക്കുന്നത് മറ്റൊരു ദുരന്തം തന്നെയായിരിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.
തീപിടിത്തത്തിനു പുറകെ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകില്ലെന്ന് പ്രഖ്യാപിച്ച് ഉറവിട മാലിന്യ സംസ്കരണ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന തദ്ദേശവകുപ്പ് ലെഗസി വേസ്റ്റ് എന്തു ചെയ്യുമെന്ന കാര്യത്തില്‍ കൃത്യമായ മറുപടിയും നല്‍കുന്നില്ല. ബ്രഹ്മപുരത്തെ തീപിടിത്തതിന്റെ കാരണം കണ്ടെത്തുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചുള്ള പഠനത്തിനും സര്‍ക്കാര്‍ തയാറായിട്ടില്ല. പൊലീസ് അന്വേഷണവും ഇഴയുകയാണ്. കത്താതെ അവശേഷിക്കുന്ന ടണ്‍ കണക്കിന് മാലിന്യം ഉടനടി നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ ഇനി തയാറാകേണ്ടത്.
- Home
- Uncategorized
- 75 ഏക്കറില്‍ കുമിഞ്ഞുകൂടി ലെഗസി വേസ്റ്റ്; എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ സര്‍ക്കാര്‍