24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വേനൽച്ചൂട്‌: ദുരന്തം കുറയ്‌ക്കാൻ എല്ലാ വകുപ്പുകളും സജ്ജമാകണമെന്ന് മുഖ്യമന്ത്രി
Kerala

വേനൽച്ചൂട്‌: ദുരന്തം കുറയ്‌ക്കാൻ എല്ലാ വകുപ്പുകളും സജ്ജമാകണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത്‌ വേനൽ ചൂട്‌ വർധിക്കുന്ന സാചര്യത്തിൽ ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി എല്ലാ വകുപ്പുകളും സജ്ജമാകണമെന്ന്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഉഷ്ണകാല ദുരന്ത ലഘുകരണ പ്രവർത്തനത്തിനുള്ള മാർഗരേഖ ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ഓരോ വകുപ്പിനും ചുമതലകൾ നിശ്ചയിച്ച് നടപ്പാക്കേണ്ട പ്രവർത്തനങ്ങളും തയ്യാറെടുപ്പുകളും നിർദേശിച്ചിട്ടുണ്ട്.

തീപിടുത്തം വർധിച്ചതിനാൽ അഗ്നിശമന രക്ഷാസേന പൂർണ സജ്ജമാകണം. സേനയ്ക്ക് അധികമായി ആവശ്യമായ ഉപകരണങ്ങൾ, കെമിക്കലുകൾ എന്നിവ വാങ്ങാൻ ദുരന്ത പ്രതികരണ നിധിയിൽനിന്ന്‌ 10 കോടി അനുവദിക്കും. ജനവാസ മേഖലയിൽ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങളിലെ പുല്ല് നിയന്ത്രിതമായി വെട്ടിമാറ്റാൻ തൊഴിലുറപ്പ് പ്രവർത്തകരെ വിനിയോഗിക്കാം.ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും കെഎസ്ഇബിയുടെയും നേതൃത്വത്തിൽ എല്ലാ ആശുപതികളുടെയും പ്രധാന സർക്കാർ ഓഫീസുകളുടെയും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തണം. ഈ പ്രവർത്തനങ്ങൾക്ക്‌ ജില്ലാ തലത്തിൽ ആക്ഷൻ പ്ലാൻ ഉണ്ടാക്കി തദ്ദേശ സ്ഥാപന തലത്തിൽ ടാസ്ക് ഫോഴ്‌സുകൾ രൂപീകരിക്കണം.
കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളെ ജലവിഭവ വകുപ്പ് കണ്ടെത്തി ദുരന്ത നിവാരണ അതോറിറ്റികൾക്കും തദ്ദേശ വകുപ്പിനും ലഭ്യമാക്കണം. ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 5000 വാട്ടർ കിയോസ്കുകൾ പ്രവർത്തനക്ഷമമാക്കി ഉപയോഗിക്കണം. വാട്ടർ കിയോസ്‌ക്‌ വൃത്തിയാക്കാനോ പുന:ക്രമീകരിക്കാനോ ഒരു കിയോസ്കിന് 10000 രൂപ എന്ന നിലയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിക്കും. ഹോട്ടലുകൾ, സന്നദ്ധ, രാഷ്ട്രീയ, യുവജന സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവരുടെ സഹകരണത്തോടെ എല്ലാ പ്രദേശത്തും യാത്രക്കാർക്കും പൊതുജനങ്ങൾക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കണം.

ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, പൊള്ളൽ, വേനൽക്കാലത്തെ പകർച്ച വ്യാധികൾ എന്നിവയെ നേരിടാൻ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകണം. പിഎച്ച്സികളിലും സിഎച്ച്സികളിലും ഉൾപ്പെടെ ആവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണം. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണം. പരീക്ഷ ഹാളുകളിൽ വെന്റിലേഷനും തണുത്ത കുടിവെള്ളവും ഉറപ്പാക്കണം.
പടക്ക നിർമാണ, സൂക്ഷിപ്പ് ശാലകൾ പരിശോധിച്ച് അഗ്നി സുരക്ഷ ഉറപ്പാക്കണം. ഉത്സവ സുരക്ഷാ മാനദണ്ഡ മാർഗ്ഗരേഖ അനുസരിച്ച് ഉത്സവങ്ങൾ നടത്താൻ നിർദേശിക്കണം. വേനൽ മഴയിൽ ലഭിക്കുന്ന പരമാവധി ജലം സംഭരിക്കാനാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Related posts

ഭക്ഷണ സാധനങ്ങളുടെ പരിശോധനയിൽ വീഴ്‌ച ; കണ്ടെത്തൽ വിജിലൻസ്‌ പരിശോധനയിൽ

Aswathi Kottiyoor

കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വിനിയോഗം; ജനുവരി 28നകം അപ്ലോഡ് ചെയ്യണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

പരീക്ഷയിൽ മാറ്റമില്ല.*

Aswathi Kottiyoor
WordPress Image Lightbox