Uncategorized

മലപ്പുറം സബ് ആര്‍.ടി ഓഫീസിൽ ടെസ്റ്റില്ലാതെ പണം നല്‍കി നേടിയ 25 ലൈസന്‍സുകള്‍ അസാധുവാക്കി; തട്ടിപ്പ് ‘സാരഥി’ സോഫ്റ്റ്‍വെയറിലെ പഴുതുകള്‍ ഉപയോഗിച്ച്

മലപ്പുറം: സബ് ആര്‍.ടി ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വന്‍ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പില്‍ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടികളിലേക്ക് കടന്നു. തട്ടിപ്പിലൂടെ നിര്‍മിച്ച 25-ഓളം വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകള്‍ വകുപ്പ് പൂര്‍ണ്ണമായും റദ്ദാക്കി. ഡ്രൈവിംഗ് ടെസ്റ്റുകളില്‍ പോലും പങ്കെടുക്കാതെ ഏജന്റുമാര്‍ മുഖേന പണം നല്‍കി അനധികൃതമായി സ്വന്തമാക്കിയ ലൈസന്‍സുകളാണ് ഇപ്പോള്‍ അസാധുവാക്കിയിട്ടുള്ളത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഈ വന്‍ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. കര്‍ണാടകയിലെ മൈസൂരില്‍ നിന്ന് അനുവദിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകളിലാണ് പ്രധാനമായും തട്ടിപ്പ് സംഘം തിരിമറി നടത്തിയത്ലൈസന്‍സുകളിലെ പേര്, മേല്‍വിലാസം, ഒപ്പ്, ഫോട്ടോ എന്നിവ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ‘സാരഥി’ സോഫ്റ്റ്വെയറിലെ പഴുതുകള്‍ ഉപയോഗിച്ച് തിരുത്തുകയായിരുന്നു. തുടര്‍ന്ന് ഈ കര്‍ണാടക ലൈസന്‍സുകള്‍ കേരളത്തില്‍ അനുവദിച്ച ലൈസന്‍സുകളാക്കി മാറ്റിയെടുക്കുകയാണ് ചെയ്തത്. മൈസൂരിലും കേരളത്തിലുമുള്ള ഏജന്റുമാരും ചില ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങി വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ വ്യാജ ലൈസന്‍സുകള്‍ സ്വന്തമാക്കിയത്.

ലൈസന്‍സ് ഉടമകള്‍ക്ക് നോട്ടീസ് അയക്കുകയും നേരിട്ട് വിളിച്ച് ഹിയറിംഗ് നടത്തുകയും ചെയ്ത ശേഷമാണ് റദ്ദാക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഔദ്യോഗിക രേഖകളില്‍ തിരിമറി നടത്തി വ്യാജ രേഖകള്‍ നിര്‍മിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കിയാണ് നടപടി. മുന്‍പ് സംഭവം പുറത്തുവന്നപ്പോള്‍ ജോയിന്റ് ആര്‍.ടി.ഒ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പ്രാഥമിക നടപടികള്‍ക്ക് ശേഷം അന്വേഷണം മരവിച്ചിരുന്നു. എന്നാല്‍ പുതിയ പരാതികളുടെ അടിസ്ഥാനത്തില്‍ കേസ് ഇപ്പോള്‍ സംസ്ഥാന വിജിലന്‍സ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തട്ടിപ്പിന് പിന്നിലെ ഇടനിലക്കാരെയും ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button