24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൃഷി വകുപ്പിൽ ഇനി പദ്ധതി നടത്തിപ്പുകാർ തന്നെ ക്രമക്കേടും പരിശോധിക്കും
Kerala

കൃഷി വകുപ്പിൽ ഇനി പദ്ധതി നടത്തിപ്പുകാർ തന്നെ ക്രമക്കേടും പരിശോധിക്കും

പദ്ധതി നടപ്പാക്കുന്ന ഉദ്യോഗസ്ഥരെത്തന്നെ പദ്ധതികളുടെ ഓഡിറ്റിങ്ങിനും ചുമതലപ്പെടുത്തി കൃഷിവകുപ്പിന്റെ വിചിത്ര ഉത്തരവ്. നിർവഹണ ഉദ്യോഗസ്ഥർക്ക് ഓഡിറ്റ് ചുമതലകൾ നൽകാൻ പാടില്ലെന്ന ധനവകുപ്പിന്റെ സർക്കുലറിനു വിരുദ്ധമാണു കൃഷി വകുപ്പിലെ ഈ പരിഷ്കാരം. ഓഡിറ്റ് സംഘത്തിൽ മാത്രമല്ല, വകുപ്പിലെ സ്പെഷൽ വിജിലൻസ് സെൽ അന്വേഷണ സംഘത്തിലും നിർവഹണ ഉദ്യോഗസ്ഥനെ ഉൾപ്പെടുത്തണമെന്നാണു കൃഷി പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലുള്ളത്.   കൃഷി വകുപ്പിന് എല്ലാ ജില്ലകളിലും അക്കൗണ്ട്സ് ഓഫിസർമാരുടെ കീഴിൽ പ്രത്യേക ഓഡിറ്റ് വിഭാഗവും ഡയറക്ടറേറ്റിൽ 5 ഓഡിറ്റ് വിങ്ങുകളുമുണ്ട്. എന്നാൽ ഇതിനൊപ്പം പദ്ധതി നിർവഹണത്തിലെ പോരായ്മകൾ കണ്ടെത്താൻ നിർവഹണ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സാങ്കേതിക പരിശോധനാ വിഭാഗം രൂപീകരിക്കാനാണു പുതിയ നിർദേശം. സാങ്കേതിക പരിശോധനാ വിഭാഗവും അക്കൗണ്ട്സ് ഓഫിസറുടെ നേതൃത്വത്തിലുള്ള ഓഡിറ്റ് സംഘവും സംയുക്തമായി ഓഡിറ്റ് പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു. ജില്ലകളിൽ ഡപ്യൂട്ടി ഡയറക്ടർ തസ്തികയിലുള്ള ഒരാളെയും അസി. ഡയറക്ടർ തസ്തികയിലുള്ള രണ്ടു പേരെയും പരിശോധനാ സംഘത്തിൽ ഉൾപ്പെടുത്തണം. സംസ്ഥാന തലത്തിൽ ജോയിന്റ് ഡയറക്ടർ തസ്തികയിലുള്ള ഒരാളെയും ഡപ്യൂട്ടി ഡയറക്ടർ തസ്തികയിലുള്ള 2 പേരെയുമാണ് ഉൾപ്പെടുത്തേണ്ടത്. ഇതിനു പുറമേ സ്പെഷൽ വിജിലൻസ് സെൽ നടത്തുന്ന അന്വേഷണത്തിൽ ഡപ്യൂട്ടി ഡയറക്ടർ തസ്തികയിലുള്ള ഒരാളെ ഉൾപ്പെടുത്തണം.

അതേ സമയം ജോയിന്റ് ഡയറക്ടർ, ഡപ്യൂട്ടി ഡയറക്ടർ, അസി.ഡയറക്ടർ തസ്തികയിലുള്ളവർ വിവിധ പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്ഥരായിരിക്കുമെന്നും അവർ തന്നെ പദ്ധതികൾ ഓഡിറ്റ് നടത്തുന്നതു ധനവകുപ്പിലെ ആഭ്യന്തര പരിശോധനാ വിഭാഗം 2018 ൽ ഇറക്കിയ സർക്കുലറിനു വിരുദ്ധമാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. 

ഓഡിറ്റ് വിഭാഗം നൽകുന്ന റിപ്പോർട്ട് പരിശോധിച്ച് അന്തിമറിപ്പോർട്ട് സമർപ്പിക്കേണ്ട ചുമതലയും നിർവഹണ ഉദ്യോഗസ്ഥർക്കു കൈമാറി. ആഭ്യന്തര വിജിലൻസ് സംഘം അന്വേഷണം നടത്തി സമർപ്പിക്കുന്ന റിപ്പോർട്ടും സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമേ സർക്കാരിലേക്കു സമർപ്പിക്കാവൂ എന്നും ഉത്തരവിലുണ്ട്. ഇത് വകുപ്പിലെ ഓഡിറ്റ്, വിജിലൻസ് വിഭാഗങ്ങളുടെ സ്വതന്ത്രസ്വഭാവം നഷ്ടമാക്കുമെന്നാണ് ആക്ഷേപം.

Related posts

വില്ലേജ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor

സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 15നു ​തു​ട​ങ്ങും

Aswathi Kottiyoor

ഉത്സവഛായയില്‍ മാനവീയവും തുറന്നു; ഓണത്തിരക്കുകളില്‍ തിളങ്ങാന്‍ തലസ്ഥാനത്തിന് സ്‌മാര്‍ട്ട് റോഡും

Aswathi Kottiyoor
WordPress Image Lightbox