സമസ്തയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി സത്താർ പന്തല്ലൂർ

കോഴിക്കോട്: സമസ്തയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി സമസ്ത ഇ കെ വിഭാഗം നേതാവും സുപ്രഭാതം ദിനപത്രത്തിൻ്റെ റസിഡൻ്റ് എഡിറ്ററുമായ സത്താർ പന്തല്ലൂർ. ഒരു നൂറ്റാണ്ട് പിന്നിട്ട ‘സമസ്ത’ എന്ന മഹാപ്രസ്ഥാനത്തെ ഭിന്നിപ്പിക്കാനും തകർക്കാനും ചില കേന്ദ്രങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ നിർണായക ഘട്ടത്തിൽ നമ്മുടെ വാക്കുകളിലും ഇടപെടലുകളിലും അതീവ ജാഗ്രതയും സൂക്ഷ്മതയും അനിവാര്യമാണെന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സത്താർ പന്തല്ലൂർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ശത്രുക്കളുടെ കെണിയിൽ വീഴാതിരിക്കാനും, ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് അവസരമൊരുക്കാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പും സത്താർ പന്തല്ലൂർ നൽകുന്നുണ്ട്. മറ്റൊരു പിളർപ്പ് താങ്ങാനുള്ള ശേഷി ഇന്ന് ഈ സമുദായത്തിനില്ല. ഇനിയും ഒരു 1989 ആവർത്തിക്കാൻ നാം അനുവദിച്ചുകൂടായെന്നും സത്താർ പന്തല്ലൂർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നവരുടെ ദുരഭിലാഷങ്ങൾ തകരട്ടെ എന്നും, സംഘടനയുടെ ഐക്യവും മുന്നേറ്റവും എന്നും നിലനിൽക്കട്ടെ എന്നും നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും അതിനായി മാത്രം പ്രവർത്തിക്കുകയും ചെയ്യാമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.



