കൊച്ചി∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലെ മാലിന്യനീക്കം നിലച്ചു. വീടുകളിലെ മാലിന്യനീക്കം നഗരസഭ താൽകാലികമായി നിർത്തിവച്ചു. മാലിന്യ പ്ലാന്റിലെ സ്ഥിതി നിയന്ത്രണവിധേയമായ ശേഷം പുനരാരംഭിക്കുമെന്ന് നഗരസഭ അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലെ മിക്ക സ്ഥലങ്ങളും പുക മൂടിയനിലയിലാണ്.അതേസമയം, ബ്രഹ്മപുരത്തെ തീ വൈകിട്ടോടെ നിയന്ത്രണവിധേയമാക്കാനാണ് ശ്രമമെന്ന് കൊച്ചി മേയർ എം.അനിൽകുമാർ പറഞ്ഞു. തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നതാണ് തിരിച്ചടി. തീപിടിത്തത്തിൽ എന്തെങ്കിലും അട്ടിമറിയുണ്ടെങ്കിൽ പരിശോധിക്കട്ടെ. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. അട്ടിമറിയല്ലെന്ന് പറഞ്ഞ് സ്ഥാപിക്കാനില്ലെന്നും മേയർ പറഞ്ഞു.
തീ ആസൂത്രിതമായി ആരെങ്കിലും കത്തിച്ചതാണോയെന്ന സംശയം ബലപ്പെട്ടിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലിനാണ് കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പടർന്നു പിടിച്ച തീ 70 ഏക്കറോളം ഭാഗത്താണ് വ്യാപിച്ചത്. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി ഒട്ടേറെ അഗ്നിരക്ഷാ സേന യൂണിറ്റുകള്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നത് അഗ്നിരക്ഷാ സേനയ്ക്ക് വെല്ലുവിളിയാണ്.