സംസ്ഥാനത്ത് ഈ മാസം ഒൻപതിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെയും 10 ന് തുടങ്ങുന്ന ഹയർ സെക്കൻഡറി പരീക്ഷയുടെയും ഒരുക്കങ്ങൾ പൂർത്തിയായി. എസ്എസ്എൽസിക്ക് സംസ്ഥാനത്ത് 2,960 കേന്ദ്രങ്ങളിലായി 4,19,363 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.
ഇതിൽ 1,76,158 പേർ മലയാളം മീഡിയത്തിലും 2,39,881 പേർ ഇംഗ്ലീഷ് മീഡിയത്തിലും 1,283 പേർ തമിഴിലും 2,041 പേർ കന്നഡയിലുമാണ് പരീക്ഷയെഴുതുന്നത്. മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസിലാണ് കൂടുതൽ വിദ്യാർഥികൾ എഴുതുന്നത്, 1,876 പേർ. കുറവ് മൂവാറ്റുപുഴ രണ്ടാർക്കര എച്ച്എംഎച്ച്എസിൽ. ഇവിടെ ഒരു വിദ്യാർഥി മാത്രമേ പരീക്ഷയ്ക്ക് ഉള്ളു.
കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്ന റവന്യു ജില്ല മലപ്പുറമാണ് 77,989 പേർ. കുറവ് പത്തനംതിട്ടയിലും 10,218 പേർ. കൂടുതൽ പേർ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ് 27,328 പേർ. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ 2,003 പേർ. 2,13,802 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ് എഴുതുന്നത്. സർക്കാർ സ്കൂളുകളിൽനിന്ന്1,40,704 പേരും എയ്ഡഡ് സ്കൂളിൽ നിന്ന് 2,51,567 പേരുമുണ്ട്. അണ് എയ്ഡഡ് സ്കൂളിൽ നിന്ന് 27,092 പേരുമുണ്ട്. 29 വരെയാണ് എസ്എസ്എൽസി പരീക്ഷ.
ഹയർ സെക്കൻഡറിക്ക് 2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,42,028 പേരാണ് എഴുതുന്നത്. പ്ലസ് വണ്ണിന് 4,24,978 പേരാണുള്ളത്. കൂടുതൽ പേർ മലപ്പുറത്താണ്. പ്ലസ് ടുവിന് 80,779 പേരും പ്ലസ് വണിന് 78,824 പേരും. പ്ലസ് ടുവിന് കുറവ് വയനാട്ടിലും (11,178 പേർ). പ്ലസ് വണിന് കുറവ് ഇടുക്കിയിലും (10,700 പേർ). 30 വരെയാണ് ഹയർ സെക്കൻഡറി പരീക്ഷകൾ.