• Home
  • Kerala
  • മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടലുകളാണ് അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിന് പലപ്പോഴും സഹായകരമാകുന്നത്: മുഖ്യമന്ത്രി
Kerala

മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടലുകളാണ് അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിന് പലപ്പോഴും സഹായകരമാകുന്നത്: മുഖ്യമന്ത്രി

കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ കടലിലകപ്പെട്ട് ജീവന്‍ പൊലിയുന്ന ദുഃഖകരമായ സംഭവങ്ങള്‍ ചിലപ്പോഴുണ്ടാകാറുണ്ടെന്ന് മുഖ്യമന്ത്രി. കെകെ രമ എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം

കടലിലെ പ്രക്ഷുബ്ദ്ധമായ അന്തരീക്ഷങ്ങള്‍ നിലവിലുള്ള സംവിധാനങ്ങളെ മാത്രം ആശ്രയിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ചിലപ്പോള്‍ പ്രതിബന്ധമാകാറുണ്ട്. അര്‍പ്പണബോധമുള്ള മത്സ്യതൊഴിലാളികളുടെ സമയോചിതമായ ഇടപെടലുകളാണ് അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിന് പലപ്പോഴും സഹായകരമാകുന്നത്. ഇത്തരം ഘട്ടങ്ങളില്‍ പരിചയസമ്പന്നരായ മത്സ്യതൊഴിലാളികളുടെയും തീരദേശ പോലീസിന്റെയും കോസ്റ്റല്‍ വാര്‍ഡന്മാരുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും അടക്കമുള്ള സേവനങ്ങള്‍ സമന്വയിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നത്. ഏകോപിതമായ ഈ രക്ഷാപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ സാധ്യമാക്കുന്നതിനുള്ള ഊര്‍ജ്ജിത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.

സംസ്ഥാനത്ത് നിലവില്‍ 18 തീരദേശ പൊലീസ് സ്റ്റേഷനുകളാണുള്ളത്. രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട വടകര തീരദേശ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ 2017 ല്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.ഒരു ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 29 പൊലീസ് ഉദ്യോഗസ്ഥരും 5 ബോട്ട് ജീവനക്കാരും നിലവിലുണ്ട്. ഇതിന് പുറമെ തീരദേശത്തെ മത്സ്യതൊഴിലാളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 6 പേരെ കോസ്റ്റല്‍ വാര്‍ഡന്മാരായി നിയമിച്ചിട്ടുണ്ട്. വിശേഷാല്‍ ചട്ടം രൂപീകരിക്കുന്നതോടെ ബോട്ട് ജീവനക്കാരുടെ തസ്തികയില്‍ സ്ഥിരനിയമനം നടത്താനാകും.

വടകര സ്റ്റേഷന്റെ സേവനാവശ്യങ്ങള്‍ക്കായി 12 ടണ്‍ ശേഷിയുള്ള ഒരു ഇന്റര്‍സെപ്റ്റര്‍ ബോട്ട് അനുവദിച്ചിട്ടുണ്ട്. നിലവില്‍ കേന്ദ്രമന്ത്രാലയം അനുവദിച്ചിട്ടുള്ള 4 ബോട്ടുജെട്ടികളില്‍ വടകര ഉള്‍പ്പെട്ടിട്ടില്ല. നിലവിലെ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി
സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കടലിലും മറ്റു പ്രദേശങ്ങളിലും വെഹിക്കിള്‍ പട്രോളിംഗും ബീറ്റ് പട്രോളിംഗും കാര്യക്ഷമമായി നടത്തിവരുന്നുണ്ട്.

സംസ്ഥാനത്തെ തീരദേശ പോലീസ് സ്റ്റേഷനുകള്‍ക്ക് കൂടുതല്‍ ആധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് 2.43 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം തീരദേശ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും കോസ്റ്റല്‍ വാര്‍ഡന്മാര്‍ക്കും പരിശീലനം നല്‍കുന്നതിന് വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതുള്‍പ്പെടെ സംസ്ഥാനത്തെ തീരദേശ പോലീസ് സ്റ്റേഷനുകളെ മികവുറ്റതാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Related posts

വിനോദ സഞ്ചാരം: മാറുന്ന കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

‘കേരള മോഡൽ’ പഠിക്കാൻ ഉത്തരാഖണ്ഡ് സംഘമെത്തി

Aswathi Kottiyoor

കോവിഡ് മരണപ്പട്ടികയിൽ 7,000 മരണങ്ങൾ കൂടി ചേർക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox